“എതിരാളിയാരായാലും ഞാൻ ചെയ്യേണ്ടത് ചെയ്യും”- മലയാളി താരത്തിനെതിരെ കൊച്ചിയിൽ കളിക്കുന്നതിനെപ്പറ്റി ഖബ്ര

ഐഎസ്എല്ലിൽ രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിൽ എടികെ മോഹൻ ബഗാനെതിരെ ഇറങ്ങുമ്പോൾ മലയാളി താരം ആഷിക് കുരുണിയനെ തടയാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്‌സ് റൈറ്റ്‌ബാക്കായ ഹർമൻജോത് ഖബ്ര. രണ്ടു താരങ്ങളും മുൻപ് ബെംഗളൂരു എഫ്‌സിയിൽ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. ഖബ്‌റ കഴിഞ്ഞ സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയപ്പോൾ ആഷിക് കുരുണിയൻ ഈ സീസണിലാണ് ബെംഗളൂരു വിട്ട് കൊൽക്കത്ത ക്ലബ്ബിലേക്ക് ചേക്കേറിയത്.

മലപ്പുറത്ത് ജനിച്ച് ഇന്ത്യൻ ടീമിലെ പ്രധാന താരമായ ആഷിക് സ്വന്തം നാടായ കേരളത്തിൽ കളിക്കാനിറങ്ങുന്നതും തന്റെ സഹതാരമായിരുന്നയാളെ കൊച്ചിയിൽ വെച്ച് നേരിടേണ്ടി വരുന്നതിനെയും കുറിച്ച് ഇന്നു നടന്ന പത്രസമ്മേളനത്തിൽ ഖബ്‌റ ചോദ്യങ്ങൾ നേരിട്ടിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ അതുപോലത്തെ കാര്യങ്ങളൊന്നും പ്രധാനമല്ലെന്നും ഒരു കളിക്കാരനെന്ന നിലയിൽ എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരമായാണ് ഇതിനെ കാണുന്നതെന്നും ഖബ്ര പറഞ്ഞു.

“നമ്മൾ കാര്യങ്ങളെ സങ്കീർണമാക്കേണ്ട ആവശ്യമില്ല. ഒരു കളിക്കാരനെന്ന നിലയിൽ ഇത് എടികെ മോഹൻ ബഗാനെതിരായ മത്സരമാണ്, ഇതുപോലത്തെ കാര്യങ്ങളൊന്നും അതിൽ പ്രധാനമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം പരിശീലകൻ നമ്മളെ ഏൽപ്പിച്ച ഉത്തരവാദിത്വവും ടീമിലെ സഹതാരങ്ങൾക്കൊപ്പം ചെയ്യേണ്ട കാര്യങ്ങളും കൃത്യമായി ചെയ്യുകയെന്നതാണ്.” ഖബ്ര പറഞ്ഞു.

“ആരാണ് എതിരെ കളിക്കുന്നതെങ്കിലും ഞാൻ ചെയ്യാനുള്ളത് ചെയ്യുന്നത് തുടരും. ആഷിഖ് ഒരു മികച്ച താരമാണെന്നത് ശരി തന്നെയാണ്. അവൻ നല്ല പ്രകടനം നടത്തുന്നു, ഞങ്ങൾ മുൻപൊരുമിച്ച് ഒരു ക്ലബിൽ ഉണ്ടാവുകയും ചെയ്‌തിരുന്നു. എന്തൊക്കെയായാലും ഇത് എടികെ മോഹൻ ബഗാനെതിരായ മത്സരമാണ്, ഞാനതിൽ ഏറ്റവും മികച്ചത് ചെയ്യും.” ഖബ്ര പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എടികെ മോഹൻ ബഗാനെതിരായ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്. അതേസമയം എടികെ മോഹൻ ബഗാൻ ആദ്യത്തെ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് തോൽവി വഴങ്ങുകയായിരുന്നു. സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നതെന്നത് ബ്ലാസ്റ്റേഴ്‌സിനു കൂടുതൽ കരുത്തു പകരുന്നു.