“ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലില്ല”- ഇവാൻ വുകോമനോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ സൂപ്പർതാരങ്ങളായി ആരുമില്ലെന്നും ആദ്യ ഇലവനിൽ ആർക്കും സ്ഥാനമുറപ്പുണ്ടെന്നു പറയാൻ കഴിയില്ലെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ച്. നാളെ കൊച്ചിയിൽ വെച്ച് മോഹൻ ബഗാനുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റു മുട്ടുന്നതിനു മുൻപു നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമാക്കിയത്. ആദ്യമത്സരത്തിൽ ഇരട്ടഗോളുകൾ നേടി താരമായ ഇവാൻ കലിയുഷ്‌നിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സീസണിനു മുൻപു തന്നെ ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാനിയായി മാറാൻ കഴിവുള്ള താരമായി കലിയുഷ്‌നി വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ ഇരുപത്തിനാലുകാരനായ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ എൺപതാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ താരം രണ്ടു മനോഹരമായ ഗോളുകൾ നേടി ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു. അതിനു ശേഷം വാർത്തകളിൽ നിറഞ്ഞു നിന്ന കലിയുഷ്‌നി ടീമിന്റെ സൂപ്പർതാരമാണോ എന്ന ചോദ്യമാണ് മാധ്യമപ്രവർത്തകൻ ഉന്നയിച്ചത്.

എന്നാൽ തന്റെ ടീമിൽ സ്റ്റാർ പ്ലേയേഴ്‌സും ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള താരങ്ങളുമില്ലെന്നാണ് ഇതിനു വുകോമനോവിച്ച് പറഞ്ഞത്. താരങ്ങൾ ഫിറ്റ്നസ് കൃത്യമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണെന്ന് അതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു. ഏതു ടീമിനെതിരെയാണ് കളിക്കുന്നത്, ഏതു ശൈലിയിലാണ് കളിക്കാൻ തീരുമാനിക്കുന്നത് എന്നതെല്ലാം മുൻനിർത്തിയാണ് ടീമിനെ തീരുമാനിക്കുകയെന്നും അദ്ദേഹം പറയുന്നു. താരങ്ങൾക്കല്ല, തന്റെ തന്ത്രങ്ങൾക്കാണ് മുൻഗണനയെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഉറപ്പിച്ചു പറയുന്നു.

അതേസമയം ആദ്യമത്സരത്തിൽ കലിയുഷ്‌നി മികച്ച പ്രകടനം നടത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും വുകോമനോവിച്ച് പറഞ്ഞു. വിദേശത്തു നിന്നും വരുന്ന ഇന്ത്യൻ താരങ്ങൾ പടിപടിയായാണ് സാഹചര്യങ്ങളും ടീമുമായും ടീമിന്റെ ശൈലിയുമായും പൊരുത്തപ്പെട്ടു വരികയെന്നു പറഞ്ഞ അദ്ദേഹം ലഭിച്ച അവസരം യുക്രൈൻ താരം ഉപയോഗപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു. മികച്ച കഴിവുകളുള്ള, യുവതാരമായ ഇവാൻ കലിയുഷ്‌നിയുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിന് ഭാവിയിലേക്കും ഉപയോഗപ്പെടുത്താൻ കഴിയുമെന്നും വുകോമനോവിച്ച് അഭിപ്രായപ്പെട്ടു.

രണ്ടാമത്തെ മത്സരവും കൊച്ചിയിൽ വെച്ച് തന്നെയാണെന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് ഈ സീസണിന് മികച്ച തുടക്കമുണ്ടാക്കുകയെന്ന ലക്‌ഷ്യം തന്നെയാണ് കൊമ്പന്മാർക്ക് അടുത്ത മത്സരത്തിലുമുള്ളത്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയ എടികെ മോഹൻ ബഗാനെ സ്വന്തം മൈതാനത്ത് കീഴടക്കിയാൽ ഈ സീസണിന്റെ തുടക്കം കൂടുതൽ ഉജ്ജ്വലമായി മാറും.