“അവർ രണ്ടു പേരും ലോകകപ്പിനുണ്ടാകും”- അർജന്റീന താരങ്ങളുടെ പരിക്കിനെക്കുറിച്ച് ലയണൽ മെസി

ഖത്തർ ലോകകപ്പ് അടുത്തിരിക്കെ പരിക്കേറ്റ അർജന്റീന സൂപ്പർതാരങ്ങളായ പൗളോ ഡിബാലക്കും ഏഞ്ചൽ ഡി മരിയക്കും തന്റെ പിന്തുണയറിയിച്ച് ടീമിന്റെ നായകനായ ലയണൽ മെസി. ക്ലബിനൊപ്പമുള്ള മത്സരങ്ങൾക്കിടെ പരിക്കേറ്റ രണ്ടു താരങ്ങളും നിലവിൽ വിശ്രമത്തിലാണ്. ലോകകപ്പിന് ഒരു മാസത്തിലധികം സമയം മാത്രം ബാക്കി നിൽക്കെയാണ് ഇരുവരും പുറത്തു പോയെങ്കിലും ലോകകപ്പിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സമയം അവർക്കുണ്ടെന്ന വിശ്വാസം ലയണൽ മെസിക്കുണ്ടെന്ന് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

ഏഞ്ചൽ ഡി മരിയക്ക് ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്ക് പറ്റിയപ്പോൾ ഡിബാലക്ക് സീരി മത്സരത്തിൽ റോമക്കു വേണ്ടി പെനാൽറ്റി എടുക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏഞ്ചൽ ഡി മരിയയുടെ പരിക്ക് മാറാൻ ഇരുപതു ദിവസത്തിലധികം വേണമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ താരത്തിന് ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഡിബാലക്ക് എത്ര ദിവസം വിശ്രമം വേണ്ടി വരുമെന്ന് ഇതുവരെയും വ്യക്തമല്ല. താരത്തിന് ലോകകപ്പ് നഷ്‌ടമാകാൻ തന്നെയാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ലയണൽ മെസിയെ സംബന്ധിച്ചിടത്തോളം രണ്ടു താരങ്ങളും ലോകകപ്പിനു മുൻപു തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ട്. “ലോകകപ്പിനു മുൻപ് സുഖം പ്രാപിക്കാൻ ഡിബാലക്കും ഡി മരിയക്കും വേണ്ടത്ര സമയമുണ്ടെന്നാണ് ഞാൻ കരുതുന്നത്.” ഡയറക്റ്റിവി സ്പോർട്ട്സിന്റെ പാബ്ലോ ഗിരാൾട്ടുമായുള്ള അഭിമുഖത്തിനിടയിൽ ഈ താരങ്ങളുടെ പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ മെസി പറഞ്ഞു.

യുവന്റസിൽ നിന്നും റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല ഈ സീസണിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കെയാണ് പരിക്ക് പറ്റിയത്. റോമക്കായി സീസണിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. സ്‌കലോണിയുടെ ടീമിൽ ആദ്യ ഇലവനിൽ ഇടമില്ലാത്ത താരാമാകാനെങ്കിലും പകരക്കാരനായിറങ്ങി മികച്ച പ്രകടനം നടത്തുന്ന താരത്തിന് ലോകകപ്പ് നഷ്‌ടമായാൽ അത് അർജന്റീനയുടെ കെട്ടുറപ്പിനെ ബാധിക്കും.

വമ്പൻ മത്സരങ്ങളിൽ തിളങ്ങാൻ കഴിയുന്ന ഡി മരിയക്ക് ലോകകപ്പിനു മുൻപ് പരിക്കിൽ നിന്നും മോചനം ലഭിക്കുമെന്നത് അർജന്റീനയെ സംബന്ധിച്ച് ആശ്വാസം നൽകുന്ന വാർത്തയാണ്. കോപ്പ അമേരിക്ക ഫൈനലിലും ലാ ഫൈനലൈസിമ പോരാട്ടത്തിലും അർജന്റീനക്കു വേണ്ടി ഗോളുകൾ നേടിയ ഡി മരിയ ലയണൽ മെസിക്കൊപ്പം മുന്നേറ്റനിരയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന താരമാണ്.