രണ്ടു ഗോളടിച്ച കലിയുഷ്‌നി ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല, ടീം സെലെക്ഷൻ പരിശീലകന് തലവേദനയാകും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിലെ കാണികൾക്കു മുന്നിൽ വീണ്ടും ഇറങ്ങാൻ തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്‌ച നടക്കാനിരിക്കുന്ന മത്സരത്തിൽ കൊൽക്കത്തയിൽ നിന്നു തന്നെയുള്ള ക്ലബായ എടികെ മോഹൻ ബഗാനെയാണ് നേരിടുന്നത്. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് തോറ്റതിന്റെ ക്ഷീണം മറികടന്ന് ആദ്യത്തെ വിജയം സ്വന്തമാക്കാനാണ് ബഗാൻ ഇറങ്ങുന്നത്.

സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയ കഴിഞ്ഞ മത്സരത്തിൽ എഴുപതാം മിനുട്ടിനു ശേഷമാണ് ഗോളുകളെല്ലാം പിറന്നത്. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ ഗോൾ നേടിയപ്പോൾ രണ്ടു ഗോളുകൾ എൺപതാം മിനുട്ടിനു ശേഷം പകരക്കാരനായിറങ്ങിയ യുക്രൈൻ താരം ഇവാൻ കലിയുഷ്‌നിയുടെ വകയായിരുന്നു. വളരെ മികച്ച ഗോളുകളാണ് നേടിയത് എന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തെ നെഞ്ചിലേറ്റിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ എടികെ മോഹൻ ബഗാനെതിരേ കലിയുഷ്‌നി ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഇപ്പോഴുമുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീം മികച്ച പ്രകടനം നടത്തിയതിനാൽ തന്റെ സ്വതസിദ്ധമായ 4-4-2 ഫോർമേഷനിൽ വുകോമനോവിച്ച് മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവാണ്. മധ്യനിര താരമായ ഇവാൻ കലിയുഷ്‌നിയെ കളത്തിലിറക്കാൻ മറ്റൊരു വിദേശതാരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ മുന്നേറ്റനിരയിൽ കളിക്കുന്ന ജിയാനു, ഡയമന്റക്കൊസ് എന്നീ താരങ്ങളിൽ ഒരാളെ മാത്രമേ ഒഴിവാക്കാൻ കഴിയുകയുള്ളൂ. എന്നാൽ എടികെ മോഹൻ ബഗാനെ പോലൊരു ടീമിനെതിരെ മുന്നേറ്റനിര സുശക്തമാക്കി നിലനിർത്തേണ്ടത് അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ കളിച്ച ജീക്സൺ സിങ്, ലാൽത്താതങ്ങ എന്നീ താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടു തന്നെ അവരെ ഒഴിവാക്കി കലിയുഷ്‌നിയെ ഇറക്കാൻ പരിശീലകൻ മടിച്ചേക്കും. അതു മാത്രമല്ല, കലിയുഷ്‌നിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാൽ അത് മുന്നേറ്റനിരയുടെ ശക്തി കുറക്കാനും നേരിയ സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഇടിമിന്നൽ ഗോളുകൾ നേടിയ താരത്തെ പുറത്തിരുത്താനും കഴിയില്ലെന്നതു കൊണ്ട് ടീം സെലെക്ഷൻ പരിശീലകന് തലവേദന തന്നെയാണ്.

രണ്ട് ഓപ്‌ഷനുകളാണ് വുകോമനോവിച്ചിന് മുന്നിലുള്ളത്. ഒന്നുകിൽ കലിയുഷ്‌നിയെ ഒഴിവാക്കി കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനെ തന്നെ കളത്തിലിറക്കി മത്സരത്തിന്റെ ഗതി മനസിലാക്കി യുക്രൈൻ താരത്തെ പകരക്കാരനായി ഇറക്കുക. അതല്ലെങ്കിൽ മധ്യനിരയിൽ നിന്നും ജീക്സൺ സിങ്ങിനെയോ ലാൽത്താതങ്ങയെയോ ഒഴിവാക്കി കലിയുഷ്‌നിയെ കളത്തിലിറക്കുക. അതാണ് പദ്ധതിയെങ്കിൽ മുന്നേറ്റനിരയിൽ കളിച്ച രണ്ടു വിദേശതാരങ്ങളിൽ ഒരാളെ പിൻവലിച്ച് ഒരു ഇന്ത്യൻ താരത്തെ ഇറക്കേണ്ടി വരും. അങ്ങിനെയാണെങ്കിൽ വുകോമനോവിച്ച് ബിദ്യാസാഗറിനെ പരീക്ഷിക്കാനാണ് സാധ്യത കൂടുതൽ.

ഈസ്റ്റ് ബംഗാളിനേക്കാൾ കരുത്തരായ ടീമാണ് എടികെ മോഹൻ ബഗാനെന്നതിനാൽ തന്നെ ഏറ്റവും ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു ഇലവനെ തന്നെ പരിശീലകൻ കളത്തിലിറക്കാനാണ് ശ്രമിക്കുക. എന്നാൽ വിദേശതാരങ്ങളുടെ എണ്ണം ആദ്യ ഇലവനിൽ പരിമിതമാണെന്നത് വുകോമനോവിച്ചിനെ ഏറ്റവും കരുത്തുറ്റ താരങ്ങളെ ഇറക്കുന്നതിൽ നിന്നും തടയുന്നു. തന്ത്രജ്ഞനായ പരിശീലകൻ ഇതിനു പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് ആരാധകർ. എന്തായാലും കൊച്ചിയിലെ കാണികൾക്കു മുന്നിലാണ് മത്സരമെന്നതിനാൽ ബ്ലാസ്റ്റേഴ്‌സിന് വലിയ മുൻ‌തൂക്കം അത് നൽകുമെന്ന കാര്യത്തിൽ സംശയമില്ല.