തിരിച്ചെത്തിക്കാൻ ബാഴ്സലോണ, കരാർ പുതുക്കാൻ പിഎസ്ജി; മെസിക്കായി വടംവലി മുറുകുന്നു
ലയണൽ മെസിയെ ബാഴ്സലോണ ഒഴിവാക്കാൻ കാരണമായത് ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ കൊണ്ടു മാത്രമാണ്. മുൻ വർഷങ്ങളിൽ ക്ലബ്ബിനെ നയിച്ചവർ ഉദാസീനമായി കാര്യങ്ങൾ നടപ്പിലാക്കിയപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരത്തെയടക്കം നിരവധി പേരെ ഒഴിവാക്കേണ്ട സാഹചര്യത്തിലേക്ക് ബാഴ്സലോണയെത്തി. എന്നാൽ ലയണൽ മെസിയെ തിരിച്ചെത്തിക്കുകയെന്നത് അതിനു ശേഷമിന്നു വരെ ബാഴ്സലോണ, മെസി ആരാധകർ ആഗ്രഹിച്ച കാര്യമാണ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസിയെ സ്വന്തമാക്കിയപ്പോൾ രണ്ടു വർഷത്തെ കരാറാണ് പിഎസ്ജി താരത്തിന് നൽകിയത്. ലയണൽ മെസിക്ക് താൽപര്യമുണ്ടെങ്കിൽ അതൊരു വർഷത്തേക്കു കൂടി പുതുക്കാമെന്ന ഉടമ്പടിയും കരാറിലുണ്ട്. പ്രത്യക്ഷത്തിൽ പുതിയ കരാർ ഒപ്പു വച്ചില്ലെങ്കിൽ ഈ സീസൺ അവസാനിക്കുന്നതോടെ ലയണൽ മെസി ഫ്രീ ഏജന്റാണ്. ഈ സാഹചര്യം മുതലെടുത്ത് താരത്തെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ ബാഴ്സലോണ നടത്തുന്നുണ്ടെന്നാണ് ഫുട്ബോൾ ജേർണലിസ്റ്റായ ഇക്രം കോനൂർ വെളിപ്പെടുത്തുന്നത്.
എന്നാൽ ലയണൽ മെസിയെ വിട്ടുകൊടുക്കാൻ പിഎസ്ജിക്ക് യാതൊരു പദ്ധതിയുമില്ല. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ ഇറങ്ങിയ താരം 26 ഗോളുകളിൽ പങ്കാളിയായി. എന്നാൽ മെസിയുടെ പ്രതിഭ കണക്കാക്കുമ്പോൾ ഈ പ്രകടനം ശരാശരിയാണെന്ന വിമർശനം പലരും നടത്തിയിരുന്നു. അതേസമയം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരം നാല് ഗോളും ഏഴ് അസിസ്റ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
🚨PSG want to extend Lionel Messi's contract. 🇦🇷
— Ekrem KONUR (@Ekremkonur) September 14, 2022
🔙 Barcelona are interested in signing Messi.
⚠️ Two clubs from the Saudi Arabian Pro League are monitoring the situation of the Argentine star. pic.twitter.com/EXoScXV6Ki
എംബാപ്പെ, നെയ്മർ തുടങ്ങിയ സൂപ്പർതാരങ്ങളുടെ സാന്നിധ്യം കുറച്ച് പിൻവലിഞ്ഞു കളിക്കാൻ മെസിയെ നിർബന്ധിതനാക്കിയിട്ടുണ്ടെങ്കിലും താരത്തിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ ഈ സീസൺ അവസാനിക്കുമ്പോൾ കരാർ അവസാനിക്കുന്ന താരവുമായി കരാർ പുതുക്കാനുള്ള നീക്കങ്ങൾ പിഎസ്ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷത്തെ കരാറെങ്കിലും താരത്തിന് പിഎസ്ജി താരത്തിന് ഓഫർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പിഎസ്ജി കരാർ പുതുക്കാനുള്ള ശ്രമം നടത്തുമ്പോൾ ബാഴ്സലോണ താരത്തെ ഫ്രീ ഏജന്റായി അടുത്ത സീസണിൽ ടീമിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സാവിയുടെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ടീമിൽ മെസി കൂടിയെത്തിയാൽ ബാഴ്സലോണ കൂടുതൽ ശക്തരാകുമെന്നുറപ്പാണ്. മെസി ആരാധകരിൽ ഭൂരിഭാഗവും താരത്തെ ബാഴ്സലോണയിൽ തന്നെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.