പണമല്ല പ്രധാനം, ഒരു ഫുട്ബോൾ താരത്തിനും ഇന്നുവരെ ലഭിക്കാത്ത വമ്പൻ ഓഫർ തള്ളിക്കളഞ്ഞ് റൊണാൾഡോ

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും തന്റെ കഴിവുകൾ ഉപയോഗിച്ച് ലോകത്തിന്റെ തന്നെ നിറുകയിലെത്തിയ റൊണാൾഡോയുടെ ആത്മവിശ്വാസവും നിശ്ചദാർഢ്യവും ഒരിക്കലും കീഴടങ്ങില്ലെന്ന മനോഭാവവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഫുട്ബോളിൽ റൊണാൾഡോ ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾക്കും പുരസ്‌കാരങ്ങൾക്കുമൊപ്പം ലോകത്തെമ്പാടും താരത്തിന് ആരാധകരുണ്ടാകാൻ ഇതെല്ലാം കാരണമായിട്ടുമുണ്ട്.

എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ പോർച്ചുഗൽ താരം ശ്രമം നടത്തിയെങ്കിലും മിക്ക ക്ലബുകളും താരത്തെ സ്വന്തമാക്കാനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്‌തത്‌. അതിനാൽ മുപ്പത്തിയേഴു വയസുള്ള താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാൻ നിർബന്ധിതനായി. ഇപ്പോൾ എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ പകരക്കാരന്റെ വേഷത്തിലാണ് ചരിത്രം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ കളിക്കുന്നത്.

അതിനിടയിൽ തനിക്ക് ലഭിച്ച ഒരു വമ്പൻ ഓഫർ ക്രിസ്റ്റ്യാനോ റൊണാൾഡോ തഴഞ്ഞുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിഎൻഎൻ പോർച്ചുഗലിനെ അടിസ്ഥാനമാക്കി മാർക്ക പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലാണ് മറ്റൊരു ഫുട്ബോൾ താരത്തിനും സ്വപ്‌നം കാണാൻ കഴിയാത്ത ഓഫർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കു മുന്നിൽ വെച്ചത്. എന്നാൽ പണമല്ല തനിക്ക് പ്രധാനമെന്നും ടോപ് ലെവൽ ഫുട്ബോളിൽ കഴിയുന്നത്ര കാലം തുടരുകയാണ് വേണ്ടതെന്നും പറഞ്ഞ് റൊണാൾഡോ ഈ ഓഫർ നിഷേധിച്ചു.

റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തേക്ക് തങ്ങളുമായി കരാർ ഒപ്പിടാൻ 243 മില്യൺ യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ ഹിലാൽ വാഗ്‌ദാനം ചെയ്‌തത്‌. ഓഫർ സ്വീകരിച്ചാൽ ആഴ്‌ചയിൽ 2.3 മില്യൺ യൂറോയാവും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രതിഫലമായി ലഭിക്കുക. നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പിഎസ്‌ജി താരം എംബാപ്പക്ക്‌ പ്രതിവാരം ആറര ലക്ഷം യൂറോ ലഭിക്കുമ്പോഴാണ് മുപ്പത്തിയേഴു വയസുള്ള റൊണാൾഡോക്ക് അതിന്റെ മൂന്നിരട്ടിയിലധികം വരുന്ന ഓഫർ അൽ ഹിലാൽ മുന്നോട്ടു വെച്ചത്.

സൗദി ക്ലബിന്റെ ഓഫർ റൊണാൾഡോ തഴഞ്ഞെങ്കിലും വരുന്ന വർഷങ്ങളിൽ കൂടുതൽ സൗദി ക്ലബുകൾ താരത്തിനായി രംഗത്തു വരുമെന്ന സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിന്റെ വാക്കുകൾ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കുള്ള സമ്മതി വ്യക്തമാക്കുന്നു. അതേസമയ റൊണാൾഡോ ജനുവരി ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോയെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്.