ആരു നോക്ക്ഔട്ടിലെത്തും, ആരു പുറത്താവും? ചാമ്പ്യൻസ് ലീഗിൽ ഇന്ന് അതിനിർണായക പോരാട്ടങ്ങൾ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ ഏതാനും ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസി, പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് തുടങ്ങി ഏതാനും ടീമുകൾ നോക്ക്ഔട്ട് ഉറപ്പിക്കുകയും യുവന്റസ് പോലെയുള്ള വമ്പന്മാർ പുറത്തു പോവുകയും ചെയ്തു. ഇന്നു നടക്കാനിരിക്കുന്ന മത്സരങ്ങളിലും സമാനമായ സാഹചര്യം തന്നെയാണ് ചില വമ്പൻ ടീമുകൾ നേരിടുന്നത്. തങ്ങൾ വിജയിച്ചാൽ മാത്രം പോരാ, മറ്റു ടീമുകൾ പോയിന്റ് നഷ്ടപ്പെടുത്തുകയും വേണമെന്ന സ്ഥിതിയാണ് ഇവർ നേരിടുന്നത്.
ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡുമാണ് ഇന്നത്തെ മത്സരത്തിൽ ഏറ്റവുമധികം ആശങ്ക നേരിടുന്ന ക്ലബുകൾ. ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ 12 പോയിന്റുമായി നോക്ക്ഔട്ട് ഉറപ്പിച്ച ബയേണിനും ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്റർ മിലാനും പിന്നിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ. ഇന്നു ബയേൺ മ്യൂണിക്കിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രം പോരാ, ഗ്രൂപ്പ് സിയിൽ ഇതുവരെ ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത വിക്ടോറിയ പ്ലെസനെതിരെ ഇന്റർ മിലാൻ പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്താലെ ബാഴ്സയ്ക്ക് നോക്ക്ഔട്ട് പ്രതീക്ഷ നിലനിർത്താൻ കഴിയുകയുള്ളൂ.
നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണ യൂറോപ്പ ലീഗിലേക്ക് തന്നെ പോകാനാണ് സാധ്യത കൂടുതൽ. വിക്ടോറിയ പ്ലെസനെതിരെ ഇന്റർ മിലാൻ സ്വന്തം മൈതാനത്താണ് കളിക്കുന്നത് എന്നതിനാൽ തന്നെ അവർ വിജയിക്കാനുള്ള സാധ്യത വളരെയധികമാണ്. ഇന്റർ വിജയിച്ചാൽ അവർക്ക് പത്ത് പോയിന്റാകും. അവസാന മത്സരത്തിൽ ഇന്റർ ബയേണിനോട് തോൽക്കുകയും ബാഴ്സ ഇനിയുള്ള രണ്ടു മത്സരങ്ങൾ വിജയിക്കുകയും ചെയ്താൽ ബാഴ്സക്കും പത്ത് പോയിന്റാവുമെങ്കിലും ഹെഡ് ടു ഹെഡ് മത്സരങ്ങൾ നോക്കുമ്പോൾ ഇന്റർ മിലാനുള്ള മുൻതൂക്കമാണ് അവരെ നോക്ക്ഔട്ടിലെത്തിക്കുക. അതിനാൽ തന്നെ തുടർച്ചയായ രണ്ടാം വർഷവും ബാഴ്സ യൂറോപ്പ ലീഗ് കളിക്കാനാണ് സാധ്യത കൂടുതൽ.
Barcelona are on the verge of a Champions League group stage exit for the second consecutive season 😳
— GOAL News (@GoalNews) October 25, 2022
സമാനമായ സ്ഥിതിയാണ് അത്ലറ്റികോ മാഡ്രിഡും നേരിടുന്നത്. ഗ്രൂപ്പ് ബിയിൽ പത്ത് പോയിന്റുള്ള ബെൽജിയൻ ക്ലബ് ബ്രൂഗെക്കും ആറു പോയിന്റുള്ള പോർട്ടോക്കും പിന്നിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്. മൂന്നു പോയിന്റുമായി ബയേർ ലെവർകൂസൻ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഇന്ന് ബ്രൂഗേയും പോർട്ടോയും തമ്മിൽ നടക്കാൻ പോകുന്ന പോരാട്ടം അത്ലറ്റികോക്ക് നിർണായകമാണ്. അതിൽ ബ്രൂഗേയും ലെവർകൂസനെതിരെ അത്ലറ്റികോ മാഡ്രിഡും വിജയിച്ചാൽ സ്പാനിഷ് ക്ലബിന്റെ സാധ്യത വർധിക്കും. എങ്കിലും നോക്ക്ഔട്ട് വിജയികളെ അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരുമെന്നതിൽ യാതൊരു സംശയവുമില്ല.
ഗ്രൂപ്പ് ഡിയാണ് മറ്റൊരു നിർണായകമായ ഗ്രൂപ്പ്. ഏഴു പോയിന്റുള്ള ടോട്ടനം, ആറു വീതം പോയിന്റുള്ള മാഴ്സ, സ്പോർട്ടിങ്, നാല് പോയിന്റുള്ള ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ട് എന്നീ ടീമുകളിൽ ആർക്കു വേണമെങ്കിലും ഗ്രൂപ്പിൽ നിന്നും മുന്നേറാൻ കഴിയും. ഇന്നു നടക്കുന്ന മത്സരങ്ങളിൽ ടോട്ടനം സ്പോർട്ടിങ്ങിനെയും ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ട് മാഴ്സയുമാണ് നേരിടുന്നത്. ഇവർക്ക് പുറമെ ഗ്രൂപ്പ് എയിൽ ലിവർപൂളും ചെറിയ ഭീഷണി നേരിടുന്നുണ്ടെന്നു പറയാം. ഇന്ന് അയാക്സിനെതിരെ തോൽവി വഴങ്ങിയാൽ നോക്ക്ഔട്ട് ഉറപ്പിക്കാൻ അവസാനത്തെ മത്സരം വരെ ലിവർപൂൾ കാത്തിരിക്കണം. നേരത്തെ നോക്ക്ഔട്ട് ഉറപ്പിച്ച നാപ്പോളിയാണ് അവസാന മത്സരത്തിൽ എതിരാളിയെന്നതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ സമനിലയെങ്കിലും നേടി നോക്ക്ഔട്ട് ഉറപ്പിക്കാനാവും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ശ്രമിക്കുക.