ലയണൽ മെസിക്ക് പകരമാവില്ലാരും, താരമില്ലാത്ത രണ്ടാമത്തെ സീസണിലും ബാഴ്‌സലോണ യൂറോപ്പ ലീഗിലേക്ക്

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്റർ മിലാനെതിരെ നടന്ന മത്സരം വളരെയധികം നിരാശ നൽകിയ ഒന്നായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ടീം ഇന്നലെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ തോൽവി തന്നെ നേരിടുമായിരുന്ന ബാഴ്‌സലോണയെ രക്ഷിച്ചത് റോബർട്ട് ലെവൻഡോസ്‌കിയാണ്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളടക്കം രണ്ടു തവണയാണ് താരം ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചത്.

ഒസ്മാനെ ഡെംബലെ നേടിയ ഗോളിൽ ബാഴ്‌സലോണ ആദ്യപകുതിയിൽ മുന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയിൽ നിക്കോളോ ബാരല്ല, ലൗടാരോ മാർട്ടിനസ് എന്നിവരിലൂടെ ഇന്റർ മുന്നിലെത്തി. ലെവൻഡോസ്‌കി 82ആം മിനുട്ടിൽ ബാഴ്‌സയെ ഒപ്പമെത്തിച്ചെങ്കിലും ഏഴു മിനുട്ടിനകൾ റോബിൻ ഗോസൻസ് വീണ്ടും ടീമിന്റെ ഇറ്റാലിയൻ ക്ലബിന്റെ ലീഡുയർത്തി. ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോകുമെന്ന് ഉറപ്പായ നിമിഷങ്ങളിലാണ് ഇഞ്ചുറി ടൈമിൽ എറിക് ഗാർസിയയുടെ പാസിൽ ലെവൻഡോസ്‌കി ഒരിക്കൽക്കൂടി സമനില നേടുന്നത്.

മത്സരത്തിൽ വിജയം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്കു വീണ ബാഴ്‌സലോണ തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുമെന്ന സാഹചര്യമാണ് നേരിടുന്നത്. ലയണൽ മെസി ക്ലബ് വിട്ട കഴിഞ്ഞ സീസണിൽ മോശം ഫോമിനെത്തുടർന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ മൂന്നാമതായ ബാഴ്‌സലോണക്ക് യൂറോപ്പ ലീഗ് കളിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിൽ സാമ്പത്തിക പ്രതിസന്ധി മൂലം പ്രധാന താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തത് ടീമിന് തിരിച്ചടി നൽകിയപ്പോൾ ഈ സീസണിൽ അഞ്ചോളം പ്രധാന താരങ്ങൾക്കേറ്റ പരിക്കാണ് ബാഴ്‌സ മോശം ഫോമിലേക്ക് വീഴാൻ കാരണമായത്.

നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ഇന്റർ മിലൻറെ മത്സരഫലങ്ങൾ കൂടി അനുകൂലമാകണം. നാല് കളികൾ കഴിഞ്ഞപ്പോൾ ബയേൺ 12 പോയിന്റുമായി മുന്നിൽ നിൽക്കുന്ന ഗ്രൂപ്പിൽ ഇന്ററിന് ഏഴും ബാഴ്‌സലോണക്ക് നാലും മത്സരങ്ങളാണുള്ളത്. അടുത്ത രണ്ടു മത്സരത്തിലും ബാഴ്‌സലോണ വിജയം നേടുകയും ഇന്റർ മിലാൻ ഏതെങ്കിലും കളിയിൽ തോൽക്കുകയും ചെയ്‌താൽ ബാഴ്‌സക്ക് നോക്ക്ഔട്ട് പ്രതീക്ഷയുണ്ട്. അതേസമയം ഒരു ജയവും ഒരു സമനിലയും അടുത്ത രണ്ടു മത്സരങ്ങളിൽ ഇന്റർ മിലാൻ നേടിയാൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും.

ഇന്റർ മിലാനും ബാഴ്‌സലോണക്കും ഇനിയുള്ള മത്സരങ്ങൾ ബയേൺ മ്യൂണിക്ക്, വിക്ടോറിയ പ്ലെസൻ എന്നീ ടീമുകൾക്കെതിരെയാണ്. ഇന്റർ ബയേണിനെതിരെയും ബാഴ്‌സലോണ വിക്ടോറിയ പ്ലെസനെതിരെയും എവേ മാച്ചാണ് കളിക്കുക. നിലവിലെ സാഹചര്യത്തിൽ സ്വന്തം മൈതാനത്ത് ബയേൺ മ്യൂണിക്കിനെതിരെ വിജയം നേടാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ബാഴ്‌സലോണക്കില്ലാത്തതിനാൽ ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് ടീം മുന്നേറാനുള്ള സാധ്യത വളരെ കുറവാണ്. പ്രധാന താരങ്ങൾ കളിച്ച ആദ്യപാദത്തിൽ തന്നെ ബാഴ്‌സലോണ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു.