സാവിക്കു ശേഷം പരിശീലകനാരെന്ന കാര്യത്തിൽ തീരുമാനമെടുത്ത് ബാഴ്‌സലോണ

ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷമുള്ള പ്രതിസന്ധികളിൽ പതറിയ ബാഴ്‌സലോണ ടീമിനെ തിരിച്ചു കൊണ്ടു വരാൻ സാവി വലിയ പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണിൽ ഒരു ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും അപ്രാപ്യമായ ടീമിനെ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ സീസണിലും ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണ റയൽ മാഡ്രിഡുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

എന്നാൽ സാവിയുടെ കീഴിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നടത്തുന്ന പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ സീസണിലും ഈ സീസണിലും ടീമിനെ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ടിനപ്പുറത്തേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നത് ആരാധകർക്ക് വളരെയധികം നിരാശയുണ്ടാക്കിയ കാര്യമാണ്. ലീഗിൽ മികച്ച പ്രകടനം നടത്തുമ്പോഴും യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ ബാഴ്‌സ പതറുന്നത് സാവിക്കു നേരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

നിലവിൽ ബാഴ്‌സലോണ പരിശീലകനെന്ന നിലയിൽ സാവിയുടെ സ്ഥാനം സുരക്ഷിതമാണെങ്കിലും ഈ സീസണിൽ ബാഴ്‌സയെ കിരീടനേട്ടത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനു ഇളക്കം തട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യം സാവി തന്നെ സമ്മതിക്കുകയും ചെയ്‌തതാണ്‌. അതുകൊണ്ടു തന്നെ സാവി പുറത്തു പോയാൽ പകരക്കാരനായി ആരു വേണമെന്ന കാര്യത്തിൽ ബാഴ്‌സലോണ തീരുമാനം എടുത്തിട്ടുണ്ട്. നിലവിൽ ആഴ്‌സണൽ പരിശീലകനായ മൈക്കൽ അർടെട്ടയെയാണ് ബാഴ്‌സ സാവിക്ക് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്.

നാല്പതുകാരനായ അർടെട്ട സ്ഥാനമേറ്റെടുത്തതിനു ശേഷം ആഴ്‌സണൽ പടിപടിയായി ശക്തി പ്രാപിച്ചു വന്നിട്ടുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗിൽ കളിച്ച പന്ത്രണ്ടു മത്സരങ്ങളിൽ പത്തെണ്ണത്തിലും വിജയം നേടാൻ കഴിഞ്ഞ ടീം ലീഗിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത് അവർ തന്നെയാണ്.

അർടെട്ട തന്റെ ടീമിൽ നടപ്പിലാക്കുന്ന അച്ചടക്കവും ശൈലിയുമാണ് ബാഴ്‌സയെ ആകർഷിക്കുന്ന മറ്റൊരു കാര്യം. ബാഴ്‌സലോണ അക്കാദമിയിൽ കളിച്ചിട്ടുള്ള താരം കൂടിയായ അർടെട്ട കാറ്റലൻ ക്ലബിന്റെ ഐതിഹാസിക പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റ് കൂടിയായിരുന്നു. എന്നാൽ വളരെ പെട്ടന്നൊന്നും അദ്ദേഹം ആഴ്‌സണൽ വിടാൻ സ്‌പാനിഷ്‌ പരിശീലകൻ തയ്യാറാവില്ലെന്ന കാര്യം ഉറപ്പാണ്.