“രണ്ടു ക്ലബുകൾ മെസിയെ സ്വന്തമാക്കുന്നത് സ്വപ്‌നം കാണുന്നു, ഇപ്പോഴോ ലോകകപ്പിനു ശേഷമോ മെസി തീരുമാനമെടുക്കില്ല”

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ആഗ്രഹവുമായി നിരവധി ക്ലബുകൾ രംഗത്തുണ്ട്. തന്റെ മുപ്പത്തിയഞ്ചാം വയസിലും യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസിക്ക് ടീമിന്റെ പ്രകടനത്തെ മുഴുവൻ നിയന്ത്രിക്കാനുള്ള കഴിവ് ഇപ്പോഴുമുണ്ടെന്നത് താരത്തിന്റെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. വയസു വർധിക്കുമ്പോഴും വീര്യം കൂടുന്നതു തന്നെയാണ് ലയണൽ മെസിയെ ടീമിലെത്തിക്കാൻ ക്ലബുകൾ മത്സരിക്കാൻ കാരണമാകുന്നത്.

തന്റെ ഭാവിയെ സംബന്ധിച്ച് ലയണൽ മെസി ഇപ്പോൾ തീരുമാനമെടുക്കില്ലെന്നും ലോകകപ്പിനു ശേഷമാകും അതുണ്ടാവുകയെന്നുമാണ് നേരത്തെ പുറത്തു വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ താരം ലോകകപ്പിന് തൊട്ടു പുറകെയും ലയണൽ മെസി തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കില്ലെന്നാണ് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത്. അമേരിക്കൻ ലീഗിലെ ക്ലബായ ഇന്റർ മിയാമിയിലേക്ക് താരം ചേക്കേറാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം പറയുന്നു.

“ഇന്റർ മിയാമിയും ബാഴ്‌സലോണയും താരത്തെ സ്വപ്‌നം കാണുന്നുണ്ട്. അവർ താരത്തെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തും. പക്ഷെ ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതു പോലെ ഇപ്പോഴോ ഡിസംബറിലോ ലിയോ ഒരു തീരുമാനമെടുക്കില്ല. 2023ലെ താരം ഭാവിയെക്കുറിച്ച് തീരുമാനം കൈക്കൊള്ളുകയുള്ളൂ. മെസിയുടെ കരാർ പുതുക്കാൻ പിഎസ്‌ജിയും അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്” കൊട്ട്ഓഫ്‌സൈഡിലെ തന്റെ കോളത്തിൽ റൊമാനോ എഴുതി.

“വ്യക്തിപരമായി പറയുകയാണെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു വർഷം കൂടി ലയണൽ മെസിയെ യൂറോപ്പിൽ കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിഎസ്‌ജിയിൽ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് താരം തിരിച്ചെത്തി കഴിഞ്ഞിട്ടുണ്ട്. വമ്പൻ പോരാട്ടങ്ങളിൽ താരത്തിന് വളരെയധികം ഓഫർ ചെയ്യാൻ കഴിയും.” ഫാബ്രിസിയോ റൊമാനോ കൂട്ടിച്ചേർത്തി.