കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെപ്പറ്റി കേട്ടറിഞ്ഞു, ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധിക്കാറേയില്ലെന്ന് മുൻ ചെൽസി പരിശീലകൻ തോമസ് ടുഷെൽ

ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ചും സംസാരിച്ച് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. തൃശൂർ നാട്ടിക സീതാറാം ആയുർവേദ റിസോർട്ടിൽ പതിനെട്ടു ദിവസത്തെ റിലാക്സേഷൻ ചികിത്സക്കായി എത്തിയ ജർമൻ പരിശീലകൻ മലയാള മനോരമയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആയുർവേദ ചികിത്സക്കായി കേരളത്തെ തിരഞ്ഞെടുക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും തോമസ് ടുഷെൽ സംസാരിച്ചു.

ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധിക്കാറുണ്ടോയെന്ന ചോദ്യത്തിന് തോമസ് ടുഷെലിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “സത്യം പറഞ്ഞാൽ ഇല്ല. ഇന്ത്യൻ ഫുട്ബോൾ ഒരുപാട് ദൂരം മുന്ന്നോട്ടു പോകാനുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രാദേശിക ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇവിടെ നിരവധി ആരാധകരുണ്ടെന്ന് അറിഞ്ഞു. കേരളത്തിൽ ചിലവഴിച്ച മൂന്നാഴ്ച്ച നല്ലൊരു അനുഭവമായിരുന്നു.”

“എരിവും പുളിയുമുള്ള ഇവിടുത്തെ ഭക്ഷണം എനിക്ക് തീർത്തും അപരിചിതമായ ഒന്നായിരുന്നു. എങ്കിലും രുചിയുള്ളതായി തോന്നി. ഗ്രിൽഡ് ഫിഷ് കഴിക്കണമെന്ന് ഇടക്കെല്ലാം തോന്നിയിരുന്നെങ്കിലും ചികിത്സയുടെ ആവശ്യപ്രകാരം വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് തിരഞ്ഞെടുത്തത്.” ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയ പരിശീലകനായ തോമസ് ടുഷെൽ പറഞ്ഞു. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസി പുറത്താക്കിയ ടുഷെൽ അതിനു ശേഷമാണ് കേരളത്തിൽ എത്തിയത്.

തന്റെ സഹപരിശീലകനിൽ നിന്നാണ് ആയുർവേദ ചികിത്സയെക്കുറിച്ച് അറിഞ്ഞതെന്നും ഫോണും ടിവിയും ഇന്റർനെറ്റുമെല്ലാം ഉപേക്ഷിച്ച് നടത്തിയ ചികിത്സ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെൽസിയിലെ സമയം ആസ്വദിച്ചിരുന്നെങ്കിലും അവിടെ നിന്നും പുറത്താക്കിയതിനു പിന്നിലെ കാരണങ്ങൾ തന്റെ കയ്യിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ലെന്നും തോമസ് ടുഷെൽ പറഞ്ഞു.