കേരളക്കരയുടെ മെസി സ്നേഹം ലോകം ചർച്ച ചെയ്യുന്നു, പുള്ളാവൂർ പുഴയിലെ മെസി അർജന്റീനയിലും തരംഗം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെൻഡിങ്ങായ വീഡിയോയാണ് ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടുമായി നടന്നു നീങ്ങുന്ന ആരാധകരുടേത്. അവരാ കട്ടൗട്ട് പുഴയുടെ നടുവിൽ സ്ഥാപിച്ചതിന്റെ ചിത്രങ്ങൾ കൂടി പുറത്തു വന്നതോടെ അതിന്റെ പ്രശസ്‌തി വർധിക്കുകയും കൂടുതൽ വൈറലായി മാറുകയും ചെയ്‌തു. കോഴിക്കോട് കൊടുവള്ളിക്കടുത്തുള്ള പുള്ളാവൂരിലെ മെസി ആരാധകരാണ് അർജന്റീന നായകൻറെ കൂറ്റൻ കട്ടൗട്ട് ചെറുപുഴയുടെ നടുവിൽ സ്ഥാപിച്ചത്.

ലോകകപ്പിന് ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ സ്ഥാപിച്ച ഈ കട്ടൗട്ട് ഇപ്പോൾ ആഗോളതലത്തിൽ തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ടു നിൽക്കുന്ന നിരവധി ആഗോള മാധ്യമങ്ങൾ ഇതു വാർത്തയാക്കിയിട്ടുണ്ട്. ഇതിൽ മെസിയുടെ രാജ്യമായ അർജന്റീനയിലെ ഫോക്‌സ് സ്പോർട്സിന്റെ വിഭാഗവും ഉൾപ്പെടുന്നു. അർജന്റീനയിലും കേരളത്തിന്റെ മെസി സ്നേഹം എത്തിയിട്ടുണ്ടെന്നു ചുരുക്കം.

ഫുട്ബോൾ ആരാധനക്ക് പേരുകേട്ട സ്ഥലമായ കേരളം മുൻപും അതിന്റെ പേരിൽ ലോകമെമ്പാടും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിനും കോപ്പ അമേരിക്കക്കുമെല്ലാം ഇത് ആഗോള തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അതിന്റെ കൂടെ ഒന്നുകൂടിയാവുകയാണ് പുള്ളാവൂർ പുഴയിലെ ലയണൽ മെസി. അർജന്റീനയോടുള്ള മലയാളികളുടെ ആരാധന പണ്ടു മുതലേ പ്രസിദ്ധമാണെങ്കിലും ലയണൽ മെസി കളിക്കാൻ തുടങ്ങിയതോടെ അതൊന്നു കൂടി വർധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഇത്തവണ ലയണൽ മെസിയും സംഘവും ലോകകപ്പിനായി ഇറങ്ങുമ്പോൾ കേരളത്തിലെ അർജന്റീന ആരാധകരും വളരെയധികം പ്രതീക്ഷയിൽ തന്നെയാണുള്ളത്. മുപ്പത്തിയഞ്ചു മത്സരങ്ങളായി തോൽവിയറിയാതെ അർജന്റീന ടൂർണമെന്റിനായി ഇറങ്ങുമ്പോൾ മികച്ച ഫോമിൽ കളിക്കുന്ന മെസി തന്നെയാണ് അവരുടെ പ്രതീക്ഷകളെ വർധിപ്പിക്കുന്നത്. കരിയറിലെ അവസാന ലോകകപ്പിൽ മെസി തന്നെ കിരീടത്തിൽ മുത്തമിടുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.