ലയണൽ മെസിയും നെയ്‌മറും എംബാപ്പയുമുണ്ടാകും, പക്ഷെ ദൈവം നിങ്ങളുടെ കൂടെയില്ല: സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

എന്തും കൂസലില്ലാതെ പറയുന്ന തന്റെ സ്വഭാവം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള താരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇക്കാരണം കൊണ്ടു തന്നെ താരത്തിന് നിരവധി ആരാധകരുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരം പറഞ്ഞ വാക്കുകൾ ആരാധകർക്ക്, പ്രത്യേകിച്ചും മെസി, നെയ്‌മർ ഫാൻസിന് അത്രയധികം ഇഷ്ടപ്പെടാൻ സാധ്യതയില്ല. താൻ പോയതോടെ ഫ്രഞ്ച് ഫുട്ബോൾ തന്നെ തകർന്നുവെന്നാണ് സ്ലാട്ടൻ പറയുന്നത്.

എസി മിലാനിൽ നിന്നും 2012ൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ സ്ലാട്ടൻ നാല് വർഷം അവിടെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബിനൊപ്പം നിരവധി കിരീടങ്ങൾ നേടിയ താരം പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും അവിടെ നിന്നും അമേരിക്കൻ ലീഗ് ക്ലബായ ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയിലേക്കും ചേക്കേറി. അതിനു ശേഷം എസി മിലാനിലേക്കു തന്നെ തിരിച്ചെത്തിയ സ്വീഡിഷ് താരം കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗ് കിരീടം നേടിയിരുന്നു.

“ഞാൻ ഫ്രാൻസ് വിട്ടതിനു ശേഷം എല്ലാം തകർന്നു പോയി. അവർക്കിപ്പോൾ ഒന്നും സംസാരിക്കാനില്ല. ഫ്രാൻസിനെന്നെ ആവശ്യമുണ്ട്, എന്നാൽ എനിക്ക് ഫ്രാൻസിനെ ആവശ്യമില്ല. നിങ്ങൾക്ക് എംബാപ്പെ, മെസി, നെയ്‌മർ തുടങ്ങിയ താരങ്ങളുണ്ട്. പക്ഷെ നിങ്ങൾക്കൊപ്പം ദൈവമില്ല.” കഴിഞ്ഞ ദിവസം കനാൽ പ്ലസിനോട് സംസാരിക്കുന്ന സമയത്ത് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞു.

സ്ലാട്ടൻ ഇബ്രാഹിമോവിച്ചായതു കൊണ്ടു തന്നെ ഇത്തരം പ്രതികരണങ്ങൾ വളരെ സ്വാഭാവികമായ ഒന്നാണ്. സമാനമായൊരു അഭിപ്രായം മുൻപ് അമേരിക്കൻ ലീഗിനെക്കുറിച്ചും താരം നടത്തിയിട്ടുള്ളതാണ്. നിലവിൽ കാൽപാദത്തിനു പരിക്കേറ്റ താരം വിശ്രമത്തിലാണ്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും മിലാനു വേണ്ടി താരം കളത്തിലിറങ്ങാൻ താരത്തിന് കഴിഞ്ഞിട്ടില്ല.