ദേശീയ ടീമിൽ നിന്നും വിരമിച്ച ജെറാർഡ് പിക്വ ലോകകപ്പിനുള്ള സ്പെയിൻ ടീമിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീം ആരാധകരെ അമ്പരപ്പിക്കുന്ന ഒന്നാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 ലോകകപ്പിനു ശേഷം ദേശീയ ടീമിൽ നിന്നും വിരമിച്ച ബാഴ്‌സലോണ താരം ജെറാർഡ് പിക്വ ലോകകപ്പിനുള്ള സ്പെയിൻ ടീമിന്റെ പ്രാഥമിക ലിസ്റ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാറ്റലൂണിയൻ മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകകപ്പിനുള്ള അൻപത്തിയഞ്ചംഗ പ്രാഥമിക സ്‌ക്വാഡിലാണ് പരിശീലകനായ ലൂയിസ് എൻറിക്വ പിക്വയെ ഉൾപ്പെടുത്തുമെന്നു റിപ്പോർട്ടുകളുള്ളത്. 2018 ലോകകപ്പിനു ശേഷം ദേശീയ ടീമിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത പിക്വ ടീമിലേക്ക് വന്നാൽ അത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്തോരു തീരുമാനം തന്നെയായിരിക്കും. അൻപത്തിയഞ്ചംഗ പ്രാഥമിക സ്‌ക്വാഡിൽ ഉൾപ്പെട്ടാലും അന്തിമ സ്‌ക്വാഡിൽ താരം ഉണ്ടാകില്ലെന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ബാഴ്‌സലോണയിൽ തന്നെ അവസരങ്ങൾ കുറഞ്ഞ സീസണിലാണ് പിക്വ സ്പെയിൻ ടീമിലെത്തുമെന്ന റിപ്പോർട്ടുകൾ വരുന്നത് ഈ സീസണിൽ ആകെ എട്ടു മത്സരങ്ങൾ മാത്രം കളിച്ച താരത്തിനു എറിക് ഗാർസിയ, ജൂൾസ് കൂണ്ടെ, ആന്ദ്രെസ് ക്രിസ്റ്റൻസെൻ, റൊണാൾഡ്‌ അറോഹോ എന്നീ പ്രതിരോധതാരങ്ങൾക്കു പിന്നിലാണിപ്പോൾ സ്ഥാനമുള്ളത്. അതുകൊണ്ടു തന്നെ ഫൈനൽ സ്‌ക്വാഡിൽ താരം ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്.

ഒരു വർഷത്തിലധികമായി സ്പെയിൻ ടീമിൽ നിന്നും തഴയപ്പെടുന്ന മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസും പ്രാഥമിക സ്‌ക്വാഡിലുണ്ടാകാനുള്ള സാധ്യതയുണ്ട്. പരിക്കിൽ നിന്നും മുക്തനായ ഈ സീസണിൽ പിഎസ്‌ജി പ്രതിരോധ നിരയിലെ സ്ഥിരസാന്നിധ്യമായ താരം പക്ഷെ അന്തിമ സ്ക്വാഡിലുണ്ടാകുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച ഫോമിൽ കളിക്കുന്ന ഡേവിഡ് ഡി ഗിയയും ടീമിലുണ്ടാകാൻ സാധ്യതയില്ല.