അർജന്റീനയുടെ പതാകയിൽ അറവുകത്തി, ലിസാൻഡ്രോ മാർട്ടിനസിനായി ഉയർത്തിയ പതാകക്കു വിലക്കേർപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

സമ്മർ ജാലകത്തിൽ ഡച്ച് ക്ലബായ അയാക്‌സിൽ നിന്നും വമ്പൻ തുക നൽകി ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമ്പോൾ നിരവധി പേർ നെറ്റി ചുളിക്കുകയുണ്ടായി. ഒരു ഡിഫെൻഡർക്ക് ആവശ്യമായ ഉയരമില്ലാത്ത താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയില്ലെന്ന് പലരും അഭിപ്രയപ്പെട്ടു. എന്നാൽ ആ അഭിപ്രായങ്ങളെ മുഴുവനായും ഇല്ലാതാക്കി ഈ സീസണിലിതു വരെ ഗംഭീര പ്രകടനമാണ് അർജന്റീന താരം നടത്തിയിരിക്കുന്നത്.

ഇന്നലെ വെസ്റ്റ് ഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ ലിസാൻഡ്രോ മാർട്ടിനസിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനാണ്. ഓൾഡ് ട്രാഫോഡിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും അർജന്റീന, അർജന്റീന എന്ന ചാന്റുകൾ ഉയർന്നു കേൾക്കുന്നതും താരത്തിനു പിന്തുണയുമായാണ്. അതേസമയം ലിസാൻഡ്രോ മാർട്ടിനസിനെ പിന്തുണക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഉയർത്തിയ പതാക ഇപ്പോൾ വിവാദം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്.

എതിർ ടീമിലെ മുഴുവൻ താരങ്ങളെയും നിർദാക്ഷിണ്യം കശാപ്പു ചെയ്യുന്നവൻ എന്ന നിലയിൽ കശാപ്പുകാരൻ എന്നർത്ഥം വരുന്ന “ദി ബുച്ചർ” എന്ന വിളിപ്പേര് ലിസാൻഡ്രോ മാർട്ടിനസിനു ലഭിച്ചിട്ടുണ്ട്. അർജന്റീന പതാകയിൽ കശാപ്പുകത്തിയുടെ ചിത്രം പതിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ലിസാൻഡ്രോ മാർട്ടിനസിനെ പിന്തുണച്ച് പതാക ഉയർത്തിയത്. എന്നാൽ കശാപ്പുകത്തിയുടെ ചിത്രം ഉള്ളതിനാൽ തന്നെ ഈ പതാക വിവാദത്തിൽ പെടുകയായിരുന്നു. ടോക്ക്സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ പതാക ഇനിയെവിടെയും ഉയർത്തരുതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ക്ലബ് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

സീസണിന്റെ തുടക്കത്തിലെ ഒന്നു രണ്ടു മത്സരങ്ങളിൽ പതറിയെങ്കിലും പിന്നീട് റാഫേൽ വരാനെക്കൊപ്പം മികച്ചൊരു സഖ്യം പ്രതിരോധനിരയിൽ ഉണ്ടാക്കാൻ ലിസാൻഡ്രോ മാർട്ടിനസിനു കഴിഞ്ഞിരുന്നു. വരാനെക്ക് പരിക്കു പറ്റിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ മാഗ്വയറിനൊപ്പവും താരം മികച്ച പ്രകടനം നടത്തുകയുണ്ടായി. ആത്മാർത്ഥമായ പ്രകടനം ക്ലബിനു വേണ്ടി കളിക്കളത്തിൽ കാഴ്‌ച വെക്കുന്ന താരം ടീമിന് വളരെയധികം ആത്മവിശ്വാസവും നൽകുന്നതു കൊണ്ടാണ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനാകുന്നത്.