മെസിയെ തിരിച്ചെത്തിക്കണം, മൂന്നു താരങ്ങളെ ഒഴിവാക്കി വേതനബിൽ കുറക്കാൻ ബാഴ്‌സലോണ

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ലയണൽ മെസിക്ക് പുതിയ കരാർ നൽകാൻ ബാഴ്‌സലോണക്ക് കഴിയാതെ വന്നത്. ഇതേത്തുടർന്ന് നിരവധി വർഷങ്ങൾ നീണ്ട കാറ്റലൻ ക്ലബിലെ തന്റെ കരിയർ അവസാനിപ്പിച്ച് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു. പിഎസ്‌ജിയിലെ തന്റെ ആദ്യത്തെ സീസൺ മെസിക്ക് അത്ര മികച്ചതായിരുന്നില്ലെങ്കിലും ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ക്ലബിനും ദേശീയടീമിനുമായി അർജന്റീന താരം കാഴ്‌ച വെക്കുന്നത്.

പിഎസ്‌ജി ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന ബാഴ്‌സലോണക്ക് അടുത്ത സമ്മറിൽ ഫ്രീ ഏജന്റാകുന്ന താരത്തെ ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകൾ കുറച്ചു കാലമായി ശക്തവുമാണ്. ഇപ്പോൾ അർജന്റീന താരത്തെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി ടീമിലെ മൂന്നു സീനിയർ താരങ്ങളെ ഒഴിവാക്കി വേതനബിൽ കുറക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചുവെന്നാണ് സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നത്.

സ്പോർട്ടിന്റെ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയുടെ നിലവിലെ വേതനബിൽ 546 മില്യൺ പൗണ്ടാണ്. ഇതിൽ നിന്നും 150 മില്യൺ പൗണ്ടോളം കുറച്ച് 376 മുതൽ 402 മില്യൺ പൗണ്ട് വരെയുള്ള വേതനബില്ലിലേക്ക് എത്തിക്കുകയെന്നതാണ് ബാഴ്‌സലോണയുടെ പദ്ധതി. ഇതിനായി ജെറാർഡ് പിക്വ, ജോർദി ആൽബ, സെർജിയോ ബുസ്‌ക്വറ്റ്സ് എന്നീ സീനിയർ താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമമാണ് ബാഴ്‌സലോണ നടത്തുന്നത്. ഈ മൂന്നു താരങ്ങളിൽ ബുസ്‌ക്വറ്റ്സ് ഒഴികെയുള്ളവർക്ക് സാവിയുടെ ബാഴ്‌സലോണ ടീമിൽ സ്ഥിരമായി ഇടം ലഭിക്കാറുമില്ല.

ബാഴ്‌സലോണയിലെ നിലവിലെ വേതനബിൽ കുറച്ചാൽ ഫ്രീ ഏജന്റായ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരുന്നത് സാമ്പത്തികപരമായി സാധ്യമായ കാര്യമാണെന്ന് ക്ലബിന്റെ സാമ്പത്തികവിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ എഡ്വേർഡ് റോമിയൂ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖത്തർ ലോകകപ്പിനു ശേഷം തന്റെ ഭാവിയെക്കുറിച്ച് മെസി തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിഎസ്‌ജിയിൽ തുടരില്ലെന്ന തീരുമാനമാണ് മെസി എടുക്കുന്നതെങ്കിൽ താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളും ബാഴ്‌സലോണ നടത്തുമെന്നതിൽ യാതൊരു സംശയവുമില്ല.

കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് വീണ ബാഴ്‌സലോണ ക്ലബിന്റെ ആസ്‌തികളിൽ ചിലതിന്റെ നിശ്ചിതഭാഗം ഏതാനും വർഷങ്ങൾ നീളുന്ന കരാറിൽ വിറ്റാണ് അതിനെ മറികടന്നത്. ഇതേതുടർന്ന് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി മികച്ച താരങ്ങളെ ടീമിലെത്തിച്ച ബാഴ്‌സലോണ സീസണിലിതു വരെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഈ ടീമിലേക്ക് ലയണൽ മെസി കൂടി വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ബാഴ്‌സലോണ ആരാധകരും ഉണ്ടാവില്ലെന്നതു തീർച്ചയാണ്.