ഖത്തർ ലോകകപ്പിൽ ബ്രസീൽ നേരിടാൻ സാധ്യതയുള്ള പ്രതിസന്ധികൾ

ഇന്റർനാഷണൽ ബ്രേക്കിൽ ഘാനക്കും ട്യുണീഷ്യക്കുമെതിരായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് ബ്രസീൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിന് അവസാന തയ്യാറെടുപ്പുകൾ നടത്തിയത്. ഘാനക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ട്യുണീഷ്യക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കും വിജയിച്ച അവർ ലോകകപ്പ് കിരീടം നേടാൻ തങ്ങൾക്കു സാധ്യതയുണ്ടെന്ന് എതിരാളികൾക്കു മുന്നിൽ വിളിച്ചു പറഞ്ഞു കഴിഞ്ഞു. നെയ്‌മറും വിനീഷ്യസും ഉൾപ്പെടെയുള്ള മുന്നേറ്റനിര താരങ്ങൾ തന്നെയാണ് ബ്രസീലിന്റെ കരുത്ത്.

എന്നാൽ മികച്ച പ്രകടനം നടത്തുമ്പോഴും എല്ലാ ടീമുകളും ജീവന്മരണ പോരാട്ടം നടത്തുന്ന ലോകകപ്പ് പോലൊരു വേദിയിൽ വിജയിക്കാൻ പോന്ന വിഭവങ്ങൾ ബ്രസീലിന്റെ കയ്യിലുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. വിസ്ഫോടനാത്മകമായ ഒരു മുന്നേറ്റനിരയുണ്ടെങ്കിലും മികച്ച ഗോൾകീപ്പർമാരുമുണ്ടെങ്കിലും അതിനൊപ്പം നിൽക്കാൻ കഴിയുന്നൊരു മധ്യനിരയും പ്രതിരോധനിരയും ബ്രസീലിനുണ്ടോയെന്നതു ചിന്തിക്കേണ്ട വിഷയമാണ്.

വിങ്‌ബാക്കുകളാണ് ബ്രസീലിനെ സംബന്ധിച്ച് പ്രധാന പ്രതിസന്ധി. അലക്‌സ് ടെല്ലസ്, ഡാനിലോ, റെനൻ ലോദി, തുടങ്ങിയ താരങ്ങളുണ്ടെങ്കിലും അവർ ലോകകപ്പ് പോലൊരു വേദിയിൽ ബ്രസീലിനെ എത്രത്തോളം സഹായിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ഘാനക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡിൽ സെൻട്രൽ ഡിഫൻസിൽ കളിക്കുന്ന എഡർ മിലിറ്റാവോയെയാണ് പരിശീലകൻ ടിറ്റെ ലെഫ്റ്റ് ബാക്കായി പരീക്ഷിച്ചതെന്ന് ഇതിനൊപ്പം ചേർത്തു വായിക്കാം.

ബ്രസീലിന്റെ മുന്നേറ്റനിരയിലെയും മധ്യനിരയിലെയും താരങ്ങൾ ആക്രമിച്ചു കളിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ്. നെയ്‌മർ, വിനീഷ്യസ് തുടങ്ങിയ താരങ്ങൾ ട്രാക്ക് ബാക്ക് ചെയ്യുന്നതിൽ പുറകിലാണെന്നിരിക്കെ അവർ ഒഴിച്ചിടുന്ന വിടവുകൾ കൃത്യമായി നികത്താൻ വിങ് ബാക്കുകൾ ബുദ്ധിമുട്ടേണ്ടി വരും. മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും തിയാഗോ സിൽവക്ക് പ്രായം മുപ്പത്തിയെട്ടു വയസാണെന്നത് എഴുതിത്തള്ളാൻ കഴിയുന്ന കാര്യമല്ല. സീരി എ താരങ്ങളായ ഇബെനസ്, ബ്രെമർ എന്നിവരെ ടിറ്റെ വിശ്വാസത്തിലെടുക്കുമോയെന്നതും കണ്ടറിയേണ്ടതാണ്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ കസമീറോയുടെ ഫോമും ബ്രസീലിന് ആശങ്ക സമ്മാനിക്കുന്ന ഒന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തെ മറികടന്ന് സ്‌കോട്ട് മാക്ടോമിനായ് ആ പൊസിഷനിൽ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുകയാണ്. ബ്രസീലിന്റെ വിശ്വസ്‌തനായ കളിക്കാരനായ കാസമീറോക്ക് ക്ലബിൽ അവസരങ്ങൾ കുറഞ്ഞു വരുമ്പോഴും പകരം ന്യൂകാസിൽ യുണൈറ്റഡിൽ മികച്ച പ്രകടനം നടത്തുന്ന ബ്രൂണോ ഗുയ്മെറാസിനെ ടിറ്റെ പരിഗണിക്കാൻ സാധ്യത കുറവാണ്.

ബ്രസീലിയൻ പരിശീലകൻ ചില താരങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്നും ഇത് ടീമിനു തിരിച്ചടി നൽകുമെന്നും സ്വന്തം രാജ്യത്തു നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. ബ്രസീലിൽ വെച്ചു നടന്ന കോപ്പ അമേരിക്കയിൽ അർജന്റീന വിജയം നേടിയതും ടിറ്റെയെന്ന പരിശീലകന്റെ പോരായ്‌മയായാണ് പലരും കണക്കു കൂട്ടുന്നത്. എന്നാൽ മുന്നേറ്റനിരയിൽ മികച്ച കളി കാഴ്‌ച വെക്കുന്ന, യൂറോപ്പിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങളുണ്ടെന്നത് ബ്രസീലിനു ടൂർണമെന്റിൽ എല്ലായിപ്പോഴും പ്രതീക്ഷ നൽകുന്നുണ്ട്.