പന്തൊന്നുകിട്ടാൻ ഫൗൾ ചെയ്യേണ്ടി വന്നു, റയലിനെ കാഴ്ചക്കാരാക്കി ബാഴ്സയുടെ ടിക്കി ടാക്ക
ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ബാഴ്സലോണയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് സൂപ്പർകപ്പ് ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ നേടിയ വിജയം വളരെയധികം ആത്മവിശ്വാസം നൽകുന്ന ഒന്നായിരുന്നു. ലയണൽ മെസി കളിച്ചിരുന്ന 2021ൽ കോപ്പ ഡെൽ റേ നേടിയതിനു ശേഷം ബാഴ്സലോണ സ്വന്തമാക്കുന്ന ആദ്യത്തെ കിരീടമാണ് ഈ സീസണിലെ സ്പാനിഷ് സൂപ്പർകപ്പ്. സാവി പരിശീലകനായതിനു ശേഷമുള്ള ആദ്യത്തെ കിരീടം കൂടിയാണിത്.
മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ പൂർണമായും ആധിപത്യം പുലർത്തിയാണ് വിജയം നേടിയതെന്നതാണ് ബാഴ്സലോണയെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും റയൽ മാഡ്രിഡിനെ പിടി മുറുക്കാൻ ബാഴ്സലോണ അനുവദിച്ചില്ല. അതേസമയം ബാഴ്സയുടെ മനോഹരമായ പാസിംഗ് ഗെയിമിനു മുന്നിൽ റയൽ മാഡ്രിഡ് നിഷ്പ്രഭരായി പോകുന്ന ഘട്ടം പലപ്പോഴുമുണ്ടായി. ലഭിച്ച അവസരങ്ങൾ ബാഴ്സ മുതലാക്കിയാൽ ഇതിലും വലിയ തോൽവി റയൽ മാഡ്രിഡിന് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.
മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുട്ടിലാണ് ഏറ്റവും മനോഹരമായ പാസിംഗ് കൊണ്ട് ബാഴ്സലോണ റയൽ മാഡ്രിഡിനെ വശം കെടുത്തിയത്. മൂന്നു ഗോളിന് മുന്നിൽ നിൽക്കുകയായിരുന്ന ബാഴ്സലോണ പ്രതിരോധതാരങ്ങളിൽ നിന്നും തുടങ്ങി കൃത്യമായ പൊസിഷൻ കാത്തു സൂക്ഷിച്ചാണ് കളിച്ചത്. മൂന്നു ഗോളുകൾ വഴങ്ങിയത് റയൽ താരങ്ങളുടെ ആത്മവിശ്വാസം തകർത്തതിനാൽ അവരുടെ പ്രെസിങ്ങ് ഫലം കണ്ടില്ല. ഒടുവിൽ ബുസ്ക്വറ്റ്സ് ഫൗൾ ചെയ്യപ്പെട്ടപ്പോഴാണ് ബാഴ്സയുടെ പാസിംഗ് ഗെയിം മുറിഞ്ഞത്.
think everyone who likes football enjoyed this sequence of play, it was sweet. But lets not get carried away with this Tiki-taka nonsense. If Barcelona is winning & they do this, fine. At times, they still play this sideways passing when behind and losing. Thats when its not OK. pic.twitter.com/N6TFvkSIgN
— TheLockerRoom (@TheLockRoomkey) January 16, 2023
തങ്ങളുടെ പാസിംഗ് ഗെയിമിന്റെ വീഡിയോ ബാഴ്സലോണ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. പന്തടക്കവും പാസിംഗും നിലനിർത്തി ആക്രമണ ഫുട്ബോൾ കളിക്കാൻ ശ്രമിക്കാറുള്ള ബാഴ്സലോണയുടെ പാസിംഗ് ഗെയിം മുൻപും റയൽ മാഡ്രിഡിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഒരിക്കൽ റൊണാൾഡോ ബാഴ്സയുടെ ടിക്കി ടാക്ക ഫുട്ബോളിനോട് അസ്വസ്ഥത കാണിക്കുന്ന വീഡിയോക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുള്ളതാണ്.
This passing sequence is why they call it 'the beautiful game'#ElClásico pic.twitter.com/28VR3HaNsR
— FC Barcelona (@FCBarcelona) January 16, 2023
ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മത്സരം വിജയിച്ച ബാഴ്സലോണക്കായി ഗാവി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ ലെവൻഡോസ്കി ഒരു ഗോളും ഒരു അസിസ്റ്റും നേടി. പെഡ്രിയാണ് ബാഴ്സലോണയുടെ മറ്റൊരു ഗോൾ നേടിയത്. റയൽ മാഡ്രിഡിന്റെ ആശ്വാസഗോൾ മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ കരിം ബെൻസിമയാണ് നേടിയത്.