പിഎസ്ജി മുന്നേറ്റനിരയെ മാത്രമല്ല പേടിക്കേണ്ടത്, മെസിയെ തടുക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ബയേൺ പരിശീലകൻ
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്നാരംഭിക്കാനിരിക്കെ നടക്കാൻ പോകുന്ന പ്രധാന പോരാട്ടങ്ങളിലൊന്ന് പിഎസ്ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ളതാണ്. കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ പുറത്തായ പിഎസ്ജിയെ സംബന്ധിച്ച് ഇത്തവണയും അതാവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ബയേൺ മ്യൂണിക്കിനെ മറികടക്കുകയെന്നത് അവരെ സംബന്ധിച്ച് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.
നേരത്തെ ലയണൽ മെസിയും എംബാപ്പയും മത്സരത്തിനുണ്ടാകില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. എംബാപ്പെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിലും മെസി സ്റ്റാർട്ട് ചെയ്യുമെന്നുറപ്പാണ്. മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ മെസിയെ തടുക്കുന്നതിനെ കുറിച്ച് ബയേൺ പരിശീലകൻ സംസാരിക്കുകയുണ്ടായി. പിഎസ്ജി മുന്നേറ്റനിരയെ മാത്രമല്ല പേടിക്കേണ്ടതെന്നാണ് താരം പറയുന്നത്.
“ഒരു ടീമായി മാത്രമേ മെസിയെ തടുക്കാൻ കഴിയുകയുള്ളൂ. താരത്തിലേക്കു വരുന്ന പാസുകൾ തടയുകയെന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. നെയ്മർ, എംബാപ്പെ എന്നിവരിലേക്കുള്ള പാസുകളും അതുപോലെ തന്നെ ചെയ്യണം. വളരെ വേഗതയുള്ള ഫുൾ ബാക്കുകളെ പിഎസ്ജിക്ക് ലഭിച്ചിട്ടുണ്ട്, അതുപോലെ തന്നെ മികച്ച കഴിവുള്ള നിരവധി താരങ്ങളും അവരുടെ ടീമിലുണ്ട്.” മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ നാഗേൽസ്മാൻ പറഞ്ഞു.
🗣️ @J__Nagelsmann on how to stop Lionel Messi: "You can only do it as a team. We have to cut out the passes to him, Neymar and Mbappé. They've also got full-backs with a lot of pace. They have a number of really talented players."#MiaSanMia #PSGFCB pic.twitter.com/OIBQh6GvQx
— FC Bayern Munich (@FCBayernEN) February 13, 2023
ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ എട്ടു ഗോളുകളിൽ മെസി പങ്കാളിയായിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം സീസണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഫോം വീണ്ടെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതിനിടയിൽ പരിക്ക് കാരണം കഴിഞ്ഞ മത്സരം മെസിക്ക് നഷ്ടമാവുകയും ചെയ്തു. ബയേൺ മ്യൂണിക്കിനെതിരെ മികച്ച പ്രകടനം നടത്തിയാൽ മെസിക്കതു കൂടുതൽ ആത്മവിശ്വാസം നൽകും.
നേരത്തെ പരിക്കിന്റെ പിടിയിൽ നിരവധി താരങ്ങൾ ഉണ്ടായിരുന്നെങ്കിലും എംബാപ്പെ അടക്കം എല്ലാവരും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റെ കാര്യത്തിൽ പിഎസ്ജി ഒരു സാഹസത്തിനു മുതിരാൻ സാധ്യതയില്ല. മത്സരത്തിൽ പകരക്കാരനായാവും എംബാപ്പെ ഇറങ്ങുന്നുണ്ടാവുക.