ബ്രസീലിയൻ ഇതിഹാസം പെലെ അന്തരിച്ചു | Pele

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസവും ബ്രസീലിന്റെ മുൻ താരവുമായ പെലെ അന്തരിച്ചു. എൺപത്തിരണ്ടു വയസായിരുന്നു. താരത്തിന്റെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. കാൻസർ ബാധിതനായി കുറച്ചു കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരികാവസ്ഥ മോശമായതിനെ തുടർന്ന് കാൻസർ ചികിത്സ നിർത്തിവെച്ച് സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ഇസ്രയേലെയിറ്റ് ആശുപതിയുടെ പാലിയേറ്റിവ് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

എഡേഴ്‌സൺ ആരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ പതിനഞ്ചാം വയസിൽ തന്നെ ബ്രസീലിയൻ ക്ലബായ സാന്റോസിനായി കളിക്കാനാരംഭിച്ച താരമാണ്. ഒരു വർഷം കഴിഞ്ഞപ്പോൾ ബ്രസീൽ ദേശീയടീമിനു വേണ്ടിയും താരം കളിയാരംഭിച്ചു. 1958 ലോകകപ്പിൽ തന്റെ പതിനേഴാം വയസിൽ കളിച്ചതിനു ശേഷമാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പെലെയിൽ കൂടുതൽ പതിയുന്നത്. ആ ലോകകപ്പും അതിനു ശേഷം 1962, 1970 ലോകകപ്പുകൾ നേടിയിട്ടുള്ള പെലെ മൂന്നു ലോകകപ്പുകൾ നേടിയിട്ടുള്ള ചരിത്രത്തിലെ ഒരേയൊരു താരമാണ്.

1970ൽ മെക്‌സിക്കോ ലോകകപ്പിൽ കിരീടം നേടുന്നതിൽ പെലെ നിർണായക പങ്കു വഹിച്ചിരുന്നു. ആ ലോകകപ്പിലെ ബ്രസീൽ ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്റർനാഷണൽ ടീമുകളിലൊന്നായാണ് അറിയപ്പെടുന്നത്. 1957 മുതൽ 1977 വരെ ഇരുപതു വർഷം നീണ്ട ഫുട്ബോൾ കരിയറിൽ 831 മത്സരങ്ങളിൽ നിന്നും 757 ഗോളുകൾ പെലെ നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ ബയോ പ്രകാരം കരിയറിൽ 1283 ഗോളുകൾ നേടിയ താരം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാണ്.

ബ്രസീലിയൻ ഫുട്ബോളിനെ ലോകത്തിന്റെ തന്നെ നിറുകയിൽ എത്തിക്കാൻ ഏറ്റവുമധികം സംഭാവനകൾ നൽകിയ താരം കൂടിയാണ് പെലെ. സാവോ പോളോയുടെ തെരുവുകളിൽ പത്രത്താളുകളും നൂലുകളും ഉപയോഗിച്ചുണ്ടാക്കിയ പന്തു തട്ടി വളർന്ന ബാല്യത്തിൽ നിന്നും ലോകത്തിലെ ഏറ്റവും മികച്ച താരമായി വളർന്ന പെലെ വിജയം തേടുന്ന എല്ലാവർക്കും ഒരു പ്രചോദനം കൂടിയാണ്. ഡീഗോ മറഡോണ, ലയണൽ മെസി എന്നീ പേരുകൾ മാത്രമാണ് പേലെക്കൊപ്പം ഇതിഹാസതാരങ്ങളായി ചേർത്തു വെക്കാറുള്ളത്. എന്നാൽ വ്യക്തിപരമായി അവരെക്കാൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് പെലെ.

യൂറോപ്യൻ ഫുട്ബോളിൽ കളിച്ചിട്ടേയില്ലാത്ത പെലെ പ്രൊഫെഷണൽ ഫുട്ബോളിൽ ബ്രസീലിയൻ ക്ലബായ സാന്റോസിനു വേണ്ടി മാത്രമാണ് ബൂട്ടു കെട്ടിയിരിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിൽ കൂടി കളിച്ചിരുന്നെങ്കിൽ മറ്റൊരു താരത്തെയും ഒപ്പം ചേർത്ത് വെക്കാൻ കഴിയാത്ത ഉയരങ്ങളിലേക്ക് പെലെ എത്തുമായിരുന്നു. കളിക്കളത്തിൽ കാഴ്‌ച വെച്ച മാന്ത്രികതയും നേടിയ ബഹുമതികളും കൊണ്ട് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന പേരായിരിക്കും പെലെയുടേത്.

bazilian football legend pele passed away