ലീഡ്‌സിനെതിരായ ഇരട്ടഗോളുകൾ, മെസിയുടെ റെക്കോർഡ് തകർത്ത് എർലിങ് ഹാലൻഡ് | Erling Haaland

തന്റെ ബൂട്ടുകൾ കൊണ്ടു ഗോൾ വർഷിച്ച് റെക്കോർഡുകൾ തകർത്തെറിഞ്ഞു കുതിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ബ്രൂട് ഹാലൻഡ്. ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന സമയത്തു തന്നെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാൾ എന്ന പേരു സ്വന്തമാക്കിയിരുന്ന ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതോടെ തന്റെ വിശ്വരൂപം കൂടുതൽ പുറത്തെടുക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ ഇരട്ടഗോളുകൾ നേടി ഗോൾമുഖത്ത് താനെത്രത്തോളം അപകടകാരിയാണെന്ന് താരം തെളിയിച്ചു കഴിഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ ഇരുപതാം ഗോളാണ് ഹാലാൻഡ് കുറിച്ചത്. വെറും പതിനാല് മത്സരങ്ങളിൽ നിന്നാണ് താരം ഇത്രയും ഗോളുകൾ നേടിയത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയ സലാ, സോൺ എന്നിവർ ആകെ നേടിയത് ഇരുപത്തിമൂന്നു ഗോളാണെന്നു വരുമ്പോഴാണ് ഹാലാൻഡിന്റെ നേട്ടത്തിന്റെ വലിപ്പം മനസിലാവുക. കായികപരമായി മുന്നിൽ നിൽക്കുന്ന പ്രീമിയർ ലീഗിൽ തിളങ്ങാൻ ഹാലാൻഡ് ബുദ്ധിമുട്ടുമെന്നു പറഞ്ഞവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്.

ലീഡ്‌സിനെതിരെ ഇരട്ടഗോളുകൾ നേടിയതോടെ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലയണൽ മെസി സ്ഥാപിച്ച ഒരു റെക്കോർഡ് ഹാലാൻഡ് തകർക്കുകയുണ്ടായി. പെപ് ഗ്വാർഡിയോളക്ക് കീഴിൽ വേഗത്തിൽ ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ താരമെന്ന നേട്ടമാണ് നോർവീജിയൻ താരം സ്വന്തമാക്കിയത്. വെറും ഇരുപതു മത്സരങ്ങളിൽ നിന്നാണ് ഹാലാൻഡ്‌ ഇരുപത്തിയഞ്ചു ഗോളുകൾ പെപ്പിനു കീഴിൽ കുറിച്ചത്. അതേസമയം ബാഴ്‌സലോണയിൽ ഗ്വാർഡിയോളക്കു കീഴിൽ കളിച്ചിട്ടുള്ള ലയണൽ മെസിക്ക് ഇരുപത്തിയഞ്ചു ഗോളുകൾ തികയ്ക്കാൻ ഇരുപത്തിയെട്ടു മത്സരങ്ങൾ വേണ്ടി വന്നു.

ഗ്വാർഡിയോളക്കു കീഴിൽ ഇരുപത്തിയഞ്ചു ഗോളുകൾ തികയ്ക്കാൻ മുപ്പതു മത്സരങ്ങൾ വേണ്ടി വന്ന സാമുവൽ എറ്റൂ മുപ്പത്തിയഞ്ചു മത്സരങ്ങൾ വേണ്ടി വന്ന സെർജിയോ അഗ്യൂറോ, നാൽപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ തിയറി ഹെൻറി എന്നിവരാണ് ഇക്കാര്യത്തിൽ അഞ്ചു സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഹാലാൻഡിന്റെ ഈ കുതിപ്പിൽ നിരവധി റെക്കോർഡുകൾ കടപുഴകി വീഴുമെന്നുറപ്പാണ്. പരിക്കുകളൊന്നുമില്ലെങ്കിൽ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഈ സീസൺ അവസാനിക്കുമ്പോൾ നോർവീജിയൻ താരം തന്നെ സ്വന്തമാക്കും.