അന്നു ബ്ലാസ്റ്റേഴ്സിനെ വിമർശിച്ചവർ ഇന്നു ബ്ലാസ്റ്റേഴ്സിനൊപ്പം, ഐഎസ്എല്ലിൽ മാറ്റം വരണമെന്ന് ആവശ്യം
കർമ ഈസ് എ ബൂമറാങ് എന്ന പ്രയോഗം ഇപ്പോൾ കൃത്യമായി ചേരുക ബെംഗളൂരു എഫ്സിയുടെ കാര്യത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ വന്ന ഗോളിൽ നേടിയ വിജയത്തിലൂടെ സെമിയിലും തുടർന്ന് ഫൈനലിലും എത്തിയ ബെംഗളൂരു ഫൈനലിൽ എടികെ മോഹൻ ബാഗാനോട് തോൽവി വഴങ്ങാൻ കാരണമായത് അതുപോലെ തന്നെ റഫറിയെടുത്ത തെറ്റായ തീരുമാനത്തിന്റെ പുറത്താണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പതിനാലാം മിനുട്ടിൽ എടികെ മോഹൻ ബഗാൻ മുന്നിലെത്തിയിരുന്നു. ദിമിത്രി പെട്രാറ്റോസ് പെനാൽറ്റിയിലൂടെയാണ് എടികെ മോഹൻ ബഗാനെ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ബെംഗളൂരുവിനും പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത സുനിൽ ഛേത്രി മത്സരത്തിൽ തന്റെ ടീമിനെ ഒപ്പമെത്തിച്ചാണ് ഇടവേളക്കായി പിരിഞ്ഞത്.
Bengaluru FC 😂 Karma Kills! #KBFC #YennumYellow #ISL pic.twitter.com/VLEFIea9n4
— Martin N Joseph (@mnj993) March 18, 2023
ആദ്യപകുതീയിൽ താൻ കാരണം വഴങ്ങിയ പെനാൽറ്റിക്ക് റോയ് കൃഷ്ണ പ്രായശ്ചിത്തം ചെയ്ത് ബെംഗളൂരുവിനെ എഴുപത്തിയെട്ടാം മിനുട്ടിൽ മുന്നിലെത്തിച്ചതോടെ അവർ വിജയം നേടുമെന്ന് തോന്നിച്ചു. എന്നാൽ എൺപത്തിയഞ്ചാം മിനുട്ടിലാണ് കർമയുടെ ഫലം ലഭിച്ചത്. എടികെ താരത്തെ ഫൗൾ ചെയ്തത് ബോക്സിന്റെ പുറത്തു നിന്നായിരുന്നിട്ടു കൂടി റഫറി പെനാൽറ്റി വിധിച്ചു. പെട്രാറ്റോസ് എടുത്ത കിക്ക് ലക്ഷ്യം കണ്ടതോടെ മത്സരം സമനിലയിലായി.
അതിനു ശേഷം എക്സ്ട്രാ ടൈമിലേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ രണ്ടു പെനാൽറ്റി കിക്കുകൾ പാഴാക്കിയതാണ് ബെംഗളൂരു എഫ്സി തോൽവി വഴങ്ങാൻ കാരണമായത്. എടികെ താരങ്ങൾ എല്ലാ കിക്കും ഗോളാക്കിയപ്പോൾ ബെംഗളൂരുവിനായി ബ്രൂണോ എടുത്ത കിക്ക് ഗോൾകീപ്പർ രക്ഷപ്പെടുത്തുകയും പാബ്ലോ പെരസിന്റെ കിക്ക് ലക്ഷ്യം കാണാതെ പുറത്തു പോവുകയും ചെയ്തതോടെ എടികെ വിജയികളായി.
മത്സരത്തിൽ ബെംഗളൂരു തോൽവി വഴങ്ങിയതോടെ ആരാധകർ ഐഎസ്എൽ റഫറിയിങ്ങിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇതുപോലൊരു റഫറിയുടെ പിഴവിനെതിരെ ശക്തമായി പ്രതിഷേധിച്ച് സ്റ്റേഡിയം വിടാൻ ധൈര്യം കാണിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഓരോ ബെംഗളൂരു ആരാധകനും അപ്പോൾ ഓർത്തു കാണുമെന്നുറപ്പാണ്. എന്തായാലും ബെംഗളൂരുവിലെ തോൽവി ഇങ്ങിനെയായതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഹാപ്പിയാണ്.