വിവാദഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്, മത്സരം തീരും മുൻപേ താരങ്ങളോട് കയറിപ്പോരാനാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിൽ നടന്ന പ്ലേ ഓഫ് യോഗ്യത മത്സരത്തിൽ വിവാദഗോളിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവി. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകുന്നതിനു മുൻപ് തന്നെ സുനിൽ ഛേത്രി ഫ്രീ കിക്കെടുത്ത ഗോളാക്കി മാറ്റിയതാണ് വിവാദമുണ്ടാകാൻ കാരണം. ഇതേതുടർന്ന് തന്റെ താരങ്ങളോട് കയറിപ്പോരാൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞതിനാൽ ബെംഗളൂരു വിജയം നേടിയതായി പ്രഖ്യാപിച്ചു.

മത്സരം ബെംഗളുരുവിന്റെ മൈതാനത്തായതിനാൽ തന്നെ കരുതലോടെ പ്രതിരോധത്തിലൂന്നിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതുകൊണ്ടു തന്നെ ബെംഗളൂരുവിൽ നിന്നും മികച്ച ആക്രമണങ്ങൾ വന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗില്ലുമാണ് ടീമിനെ രക്ഷിച്ചത്. അതേസമയം മുപ്പത്തിരണ്ടാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്നുള്ള അവസരവും ഒരു ഫ്രീ കിക്കുമാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയിൽ പ്രതീക്ഷയുണർത്തിയ അവസരങ്ങൾ.

രണ്ടാം പകുതിയിൽ ബെംഗളൂരു ആക്രമണങ്ങൾ ഒന്നുകൂടി ശക്തിപ്പെടുത്തു. ഗില്ലും ചിലപ്പോഴൊക്കെ ബെംഗളൂരു താരങ്ങൾക്ക് കണക്റ്റ് ചെയ്യാൻ വന്ന പോരായ്‌മയുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തിയത്. മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിനും കൃത്യമായി കഴിഞ്ഞിരുന്നില്ല. ആക്രമണങ്ങൾക്ക് വഴി തുറക്കാൻ അവസരമുണ്ടായിരുന്നിട്ടും അത് കൃത്യമായി നടപ്പിലാക്കുന്നതിൽ മുന്നേറ്റനിര പരാജയപ്പെട്ടു.

എൺപതാം മിനുട്ടിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ആക്രമണങ്ങൾ കാര്യമായി നടത്തിയത്. കോർണറിൽ നിന്നും ദിമിയുതിർത്ത ഹെഡർ ഗോൾകീപ്പർ കയ്യിലൊതുക്കി. അതിനു പിന്നാലെ രാഹുലിന്റെ ക്രോസ് ലൂണ ഡൈവിങ് ഹെഡർ നടത്തിയത് പുറത്തു പോയി. പിന്നാലെ സഹൽ നടത്തിയൊരു മുന്നേറ്റത്തിനൊടുവിൽ ഉതിർത്ത ഷോട്ട് ഗോൾപോസ്റ്റിനു വെളിയിലൂടെ പുറത്തു പോയി.

തൊണ്ണൂറു മിനുട്ടിൽ സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലാണ് നിർണായക സംഭവമുണ്ടായത്. ബെംഗളൂരുവിനു ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ സുനിൽ ഛേത്രി എടുത്ത് ഗോളാക്കി മാറ്റി. റഫറി അതനുവദിച്ചതോടെ താരങ്ങൾ തർക്കിക്കുകയും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ കളിക്കാരോട് മൈതാനത്തു നിന്നും കയറി വരാൻ ആവശ്യപ്പെടുകയും ചെയ്‌തു.

ഗോൾ അനുവദിക്കരുതെന്ന ആവശ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കയറിപ്പോയതിലൂടെ ഉദ്ദേശിച്ചതെങ്കിലും അതിനു ബെംഗളൂരു തയ്യാറായില്ല. ഇതോടെ മാച്ച് കമ്മീഷണറെത്തി മത്സരം ബെംഗളൂരു വിജയം നേടിയതായി പ്രഖ്യാപനം നടത്തുകയായിരുന്നു. എന്തായാലും വരും ദിവസങ്ങളിൽ ഇതേപ്പറ്റി നിരവധി ചർച്ചകൾ ഉയരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.