“ഞാൻ ചെയ്‌തത്‌ ന്യായം, കേരള ബ്ലാസ്റ്റേഴ്‌സ് ചെയ്‌തത്‌ ശരിയായില്ല”- വിവാദഗോളിൽ പ്രതികരിച്ച് സുനിൽ ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം പൂർത്തിയായത്. രണ്ടു ടീമുകളും നിശ്ചിത സമയത്ത് സമനില വഴങ്ങിയതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് പോയ മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദം സൃഷ്‌ടിച്ചത്‌. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൃത്യമായി തയ്യാറെടുക്കും മുമ്പേയാണ് സുനിൽ ഛേത്രി ഫ്രീ കിക്ക് എടുത്ത് ഗോൾ നേടിയത്.

എക്‌സ്ട്രാ ടൈമിന്റെ ആറാം മിനുട്ടിലാണ് ഫ്രീ കിക്ക് ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോൾകീപ്പറും വാൾ സെറ്റ് ചെയ്യുന്നതിന് മുൻപേ തന്നെ റഫറിയുടെ നിർദ്ദേശം ലഭിച്ചതിനാൽ സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്ത് ഗോൾ നേടി. ഇതേത്തുടർന്ന് തർക്കം വന്നതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ താരങ്ങളെ കളിക്കളത്തിൽ നിന്നും പിൻവലിച്ചു. പിന്നീട് മാച്ച് കമ്മീഷണർ വന്ന് ബെംഗളൂരുവിനെ വിജയികളായും പ്രഖ്യാപിച്ചു.

അതേസമയം ഫ്രീ കിക്ക് എടുത്ത തന്റെ തീരുമാനത്തിൽ തെറ്റൊന്നുമില്ലെന്നാണ് ഛേത്രി പറയുന്നത്. “റഫറി എന്നോട് പറഞ്ഞു കിക്കെടുക്കാൻ വിസിലടിക്കുകയോ പ്രതിരോധമതിൽ ഒരുങ്ങുന്നത് വരെ കാത്തു നിൽക്കുകയോ വേണ്ടെന്ന്. അത് ഒന്നുകൂടി ഉറപ്പിക്കാൻ ഞാൻ ചോദിച്ചപ്പോഴും ‘അതെ’ എന്നായിരുന്നു മറുപടി. ലൂണയത് കേട്ടതു കൊണ്ടാണ് താരം എന്റെ കിക്ക് ബ്ലോക്ക് ചെയ്യാൻ ശ്രമം നടത്തിയത്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിക്കളം വിട്ടത് ശരിയായ പ്രതികരണം ആയിരുന്നില്ല.” താരം പറഞ്ഞു.

റഫറി ഫ്രീ കിക്കെടുക്കാൻ ഛേത്രിയെ അനുവദിച്ചുവെന്നത് സത്യമാണെങ്കിലും ആ സമയത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വാൾ കൃത്യമായി സെറ്റ് ചെയ്‌തിരുന്നില്ല. ഗോൾകീപ്പർ പോലും കൃത്യമായ പൊസിഷനിൽ ആയിരുന്നില്ല. നിയമങ്ങൾ നോക്കുമ്പോൾ ഛേത്രി ചെയ്‌തത്‌ തെറ്റല്ലെങ്കിലും ഫുട്ബോളിലെ മാന്യത പരിഗണിച്ച് താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചു വിളിച്ച് മത്സരം തുടങ്ങാൻ കഴിയുമായിരുന്നെങ്കിലും അതിനു മുതിർന്നില്ലെന്നതിനാൽ കടുത്ത വിമർശനം നേരിടുന്നുണ്ട്.