റഫറിക്ക് മാത്രം കുറ്റം ചാർത്തി രക്ഷപ്പെടാൻ വരട്ടെ, മാന്യതയുടെ പ്രതിരൂപമായ ഛേത്രി എന്താണ് ചെയ്‌തത്‌

ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചാണ് ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും തമ്മിലുള്ള മത്സരം സമാപിച്ചത്. രണ്ടു ടീമുകളും നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിക്കളം വിട്ടതോടെ മത്സരത്തിൽ ബെംഗളൂരു വിജയം നേടിയെന്ന് മാച്ച് കമ്മീഷണർ പ്രഖ്യാപനം നടത്തുകയായിരുന്നു.

എക്‌സ്ട്രാ ടൈമിന്റെ ആറാം മിനുട്ടിലാണ് ഫ്രീ കിക്ക് ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോൾകീപ്പറും വാൾ സെറ്റ് ചെയ്യുന്നതിന് മുൻപേ തന്നെ റഫറിയുടെ നിർദ്ദേശം ലഭിച്ചതിനാൽ സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്ത് ഗോൾ നേടി. ഇതേത്തുടർന്ന് തർക്കം വന്നതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ താരങ്ങളെ കളിക്കളത്തിൽ നിന്നും പിൻവലിച്ചു. പിന്നീട് മാച്ച് കമ്മീഷണർ വന്ന് ബെംഗളൂരുവിനെ വിജയികളായും പ്രഖ്യാപിച്ചു.

റഫറിയുടെ നിർദ്ദേശം ലഭിച്ചത് കൊണ്ടാണ് ഫ്രീ കിക്ക് എടുത്തതെന്ന് പിന്നീട് ഛേത്രി പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ശരി വെക്കുന്നതു തന്നെയാണ് വീഡിയോ ദൃശ്യങ്ങളും. റഫറി കിക്കെടുക്കാൻ കുഴപ്പമില്ലെന്ന് ഛേത്രിയോട് പറയുന്നതും കൈ കൊണ്ട് അനുവാദം നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. റഫറിയുടെ വാക്കുകൾ കേട്ടതു കൊണ്ടാണ് ലൂണ ഛേത്രിയെടുത്ത ആദ്യത്തെ കിക്ക് തടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും വ്യക്തമാണ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെല്ലാവർക്കും റഫറി അനുവാദം നൽകിയ കാര്യം അറിയില്ലായിരുന്നു. ഗോൾകീപ്പർ ഗിൽ വോൾ സെറ്റ് ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഫുട്ബോളിലെ മര്യാദ പരിഗണിക്കുകയാണെങ്കിൽ താനടിച്ച ഗോൾ വേണ്ടെന്നു വെക്കുകയോ ബ്ലാസ്റ്റേഴ്‌സിനെ ഗോളടിക്കാൻ അനുവദിച്ച് മത്സരം സമാസമമാക്കുകയോ ആണ് ഛേത്രി ചെയ്യേണ്ടിയിരുന്നത്. എന്നാൽ താരം അതിനു തയ്യാറായില്ല.

എതിർടീമിന്റെ തെറ്റിദ്ധാരണയെ മുതലെടുത്ത് ഗോളുകൾ നേടുന്നത് ആദ്യത്തെ സംഭവമല്ല. ഇവിടെ റഫറിയാണ് വില്ലനെന്നും അതിന്റെ ഇരകളാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെന്നും ഛേത്രിക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യൻ ഫുട്ബോളിലെ മാന്യനായ താരമെന്ന അറിയപ്പെടുന്ന ഛേത്രി പക്ഷെ അതിനോട് അനുഭാവപൂർവം പ്രതികരിച്ചില്ല. താരത്തിനെതിരെ അതിന്റെ പേരിൽ കടുത്ത വിമർശനം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുമുണ്ട്.