റൊണാൾഡോയുണ്ടെങ്കിൽ തിരിച്ചുവരവ് ഉറപ്പാണ്, ഇഞ്ചുറി ടൈമിൽ മൂന്നു ഗോളുകളുമായി വിജയം പിടിച്ചെടുത്ത് അൽ നസ്ർ

സൗദി പ്രൊഫെഷണൽ ലീഗിൽ തോൽ‌വിയിൽ നിന്നും അതിഗംഭീരമായി തിരിച്ചുവന്ന് വിജയം നേടിയെടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എഫ്‌സി. മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് പിന്നീട് ഇഞ്ചുറി ടൈമിൽ മൂന്നു ഗോളുകൾ നേടി അൽ നസ്ർ വിജയം നേടിയെടുത്തത്. ഇതോടെ ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്താനും അവർക്ക് കഴിഞ്ഞു.

സൗദി ലീഗിൽ ഇതുവരെ ഒരൊറ്റ മത്സരം മാത്രം വിജയിച്ച് അവസാന സ്ഥാനത്തു കിടക്കുന്ന ക്ലബായ അൽ ബാത്തിൻ റൊണാൾഡോയെയും സംഘത്തെയും ശെരിക്കും വിറപ്പിച്ചു. മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ നേടിയ ലീഡും വെച്ച് പൊരുതിയ അവർ തൊണ്ണൂറ്റിമൂന്നാം മിനുട്ട് വരെയും അൽ നസ്‌റിന്റെ ആക്രമണങ്ങളെ തടഞ്ഞു നിർത്തി. ആദ്യപകുതിയിൽ റൊണാൾഡോയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ഗോൾലൈൻ സേവ് നടത്തിയത് മനോഹരമായ സംഭവമായിരുന്നു.

എന്നാൽ റഫറി അനുവദിച്ചു നൽകിയ പന്ത്രണ്ടു മിനുട്ട് ഇഞ്ചുറി ടൈം അൽ നസ്‌റിനു രക്ഷയായി. തൊണ്ണൂറ്റിമൂന്നാം മിനുട്ടിൽ അബ്ദുൾറഹ്മാൻ ഗരീബിലൂടെ അവർ മത്സരത്തിൽ സമനില നേടിയെടുത്തു. അതിന്റെ ആഘാതത്തിൽ അൽ ബാത്തിൻ താരങ്ങൾ നിൽക്കുമ്പോൾ മൊഹമ്മദ് അൽ ഫാറ്റിൽ ഇഞ്ചുറി ടൈമിന്റെ പന്ത്രണ്ടാം മിനുട്ടിലും മൊഹമ്മദ് മറാൻ ഇഞ്ചുറി ടൈമിന്റെ പതിനാലാം മിനുട്ടിലും അൽ നസ്‌റിനായി ഗോളുകൾ നേടി മത്സരത്തിൽ വിജയമുറപ്പിച്ചു.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാനോ അസിസ്റ്റ് നൽകാനോ കഴിഞ്ഞില്ലെങ്കിലും നിരവധി തിരിച്ചുവരവുകളുടെ ഭാഗമായിട്ടുള്ള താരത്തിന്റെ സാന്നിധ്യം അൽ നസ്റിന് വിജയം നേടാൻ പ്രചോദനം നൽകിയിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ അൽ ഇത്തിഹാദിനെ മറികടന്ന് അൽ നസ്ർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. അൽ ഷബാബാണ് ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്.