ലോകകപ്പിലെ മികച്ച ഗോൾകീപ്പർ പോലുമല്ലായിരുന്നു എമിലിയാനോ, ഫിഫ അവാർഡ്‌സിനെതിരെ ടോണി ക്രൂസിന്റെ സഹോദരൻ

ഫിഫ ബെസ്റ്റ് അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ ഖത്തർ ലോകകപ്പിൽ വിജയം നേടിയ അർജന്റീന താരങ്ങളാണ് പുരസ്‌കാരങ്ങൾ തൂത്തു വാരിയത്. ലയണൽ മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ ലയണൽ സ്‌കലോണി മികച്ച പരിശീലകനുള്ള അവാർഡും നേടി. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം നേടിയ അർജന്റീനയുടെ ഹീറോ എമിലിയാനോ മാർട്ടിനസാണ്‌ മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ പുരസ്‌കാരം നേടിയത്.

ഫിഫ ബെസ്റ്റ് അവാർഡ്‌സിനെതിരെ നിരവധി വിമർശനങ്ങൾ പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് താരമായ ടോണി ക്രൂസിന്റെ സഹോദരനായ ഫെലിക്‌സ് ക്രൂസ് ഫിഫ ബെസ്റ്റ് അവാർഡ് എമിലിയാനോ മാർട്ടിനസിനു നൽകിയതിൽ തന്റെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ടോണി ക്രൂസുമായി ചേർന്നുള്ള പോഡ്‌കാസ്റ്റിനിടെയാണ് ഫെലിക്‌സ് ക്രൂസ് എമിലിയാനോ മാർട്ടിനസിന് അവാർഡ് നൽകിയതിനെ ചോദ്യം ചെയ്‌തത്‌.

“അർജന്റീന ഗോളി മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകകപ്പിന് മുമ്പ് അദ്ദേഹത്തെ ആർക്കും അറിയുമായിരുന്നില്ല, ലോകകപ്പിന്റെ പേരിലാണ് പുരസ്‌കാരം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നത് എനിക്ക് തമാശയായി തോന്നി. താരം അത്ര മികച്ച പ്രകടനം നടത്തിയെന്ന് എനിക്ക് തോന്നിയില്ല, ഒന്നോ രണ്ടോ മികച്ച സേവുകൾ അദ്ദേഹം നടത്തി, പ്രത്യേകിച്ച് ഫൈനലിൽ. പക്ഷേ മികച്ച ഗോൾകീപ്പർ എന്ന മികച്ച മതിപ്പൊന്നും അദ്ദേഹം നൽകിയില്ല.” ഫെലിക്‌സ് ക്രൂസ് പറഞ്ഞു.

അതേസമയം ടോണി ക്രൂസ് ലയണൽ മെസിയെക്കുറിച്ചാണ് പ്രതികരിച്ചത്. വളരെ കൃത്യമായ അഭിപ്രായം തന്നെ താരം നടത്തി. ലോകകപ്പ് പോലെ പ്രധാനപ്പെട്ടൊരു ടൂർണമെന്റ് നടന്ന വർഷമായതിനാൽ തന്നെ അത് അവാർഡിന് കൂടുതൽ പരിഗണിക്കപ്പെടുമെന്നും ലയണൽ മെസിയെപ്പോലൊരു താരം ടൂർണമെന്റിൽ വേറിട്ട് നിന്നതിനാൽ അവാർഡ് നൽകിയതിൽ അത്ഭുതമൊന്നും ഇല്ലെന്നാണ് ടോണി ക്രൂസ് പറഞ്ഞത്.