ഇവാന് മറ്റു ക്ലബുകളിൽ നിന്നും പിന്തുണ, ഇന്ത്യൻ സൂപ്പർലീഗിൽ വിപ്ലവമാറ്റത്തിന് വഴിയൊരുങ്ങുമോ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ എക്കാലവും നിലനിൽക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തന്റെ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തിരിച്ചു വിളിച്ചിരുന്നു. ഇതേത്തുടർന്ന് മത്സരത്തിൽ ബെംഗളൂരു വിജയിച്ചതായി മാച്ച് കമ്മീഷണർ പ്രഖ്യാപനം നടത്തി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ റഫറിയിങ്ങിനെ സംബന്ധിച്ച് ഒരുപാട് പരാതികൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ തന്നെ വുകോമനോവിച്ചിന്റെ തീരുമാനം ധീരമാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിലയിരുത്തിയത്. കുറച്ചു നേരം മുൻപ് കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തിയ പരിശീലകനും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ആരാധകർ സ്വീകരണം നൽകിയിരുന്നു. മഞ്ഞ റോസാപ്പൂവുകൾ നൽകിയാണ് പരിശീലകനെ സ്വീകരിച്ചത്.

വുകോമാമനോവിച്ചിന് പല ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഒഡിഷ എഫ്‌സിയുടെ ഉടമയായ രോഹൻ ശർമ്മ ഇവാന്റെ തീരുമാനം ശരിയായ ഒന്നാണെന്നാണ് വിലയിരുത്തിയത്. വിട്ടുവീഴ്ച്ചയില്ലാതെ പൊരുതാനും അദ്ദേഹം പറയുന്നു. അതിനു പുറമെ ചെന്നൈയിൻ എഫ്‌സിയുടെ ഓപ്പറേഷൻസ് വിഭാഗം മേധാവി ധീരമായ തീരുമാനമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. മോശം റഫറിയിങ് ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇവാനെതിരെ വിമർശനവും രൂക്ഷമായി ഉയരുന്നുണ്ട്. സ്റ്റേഡിയം വിടുന്നത് ഒരിക്കലും ഉചിതമല്ലെന്നും സ്പോർറ്റ്സ്മാൻ സ്പിരിറ്റിന് ചേർന്നതല്ലെന്നും ഐഎം വിജയൻ അടക്കമുള്ളവർ പറഞ്ഞിരുന്നു. നിരവധി ഐഎസ്എൽ താരങ്ങളും ഇതിനെതിരെ രംഗത്തെത്തി. ഇതിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇത് ഐഎസ്എല്ലിലെ റഫറിയിങ് പിഴവുകൾ തിരുത്താനുള്ള വഴിയൊരുക്കാനുള്ള സാധ്യത കൂടുതലാണ്.