ലോകകപ്പ് നേടാൻ ബ്രസീൽ അർജന്റീനയുടെ പാത പിന്തുടരണം, നിർദ്ദേശവുമായി ലൂയിസ് സുവാരസ്

ഖത്തർ ലോകകപ്പിൽ അർജന്റീന ഐതിഹാസികമായാണ് കിരീടം സ്വന്തമാക്കിയത്. 2018 മുതൽ അർജന്റീന ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണി മെസിയെ കേന്ദ്രമാക്കി ഒരു മികച്ച ടീമിനെ വാർത്തെടുത്താണ് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. സ്‌കലോണിയുടെ പദ്ധതികൾ എല്ലാ രീതിയിലും വിജയം കണ്ടപ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന സ്വന്തമാക്കുകയും ചെയ്‌തു.

അതേസമയം ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ ബ്രസീൽ 2002നു ശേഷം പിന്നീടിങ്ങോട്ട് ഒരു കിരീടം പോലും നേടാതെയാണ് മടങ്ങിയത്. എന്നാൽ അടുത്ത ലോകകപ്പ് എഡിഷനിൽ ബ്രസീലിനു കിരീടം നേടാൻ കഴിയുമെന്നും അതിനു അർജന്റീനയുടെ മാതൃക പിന്തുടരണമെന്നുമാണ് മുൻ ബാഴ്‌സലോണ താരം ലൂയിസ് സുവാരസ് പറയുന്നത്. മെസിയെ കേന്ദ്രീകരിച്ച് അർജന്റീന ഒരു ടീം രൂപീകരിച്ചതു പോലെ നെയ്‌മറെ കേന്ദ്രീകരിച്ച് ഒരു ടീം രൂപീകരിക്കണമെന്നാണ് താരം പറയുന്നത്.

“മുപ്പത്തിയഞ്ചാം വയസ്സിലെ മെസിയെ ശ്രദ്ധിക്കുക. താരം ശ്രമിക്കുകയും തനിക്കു വേണ്ടത് നേടിയെടുക്കുകയും ചെയ്‌തു. ബ്രസീലിനു അടുത്ത ലോകകപ്പ് എഡിഷനിൽ കിരീടം നേടണമെങ്കിൽ അവർ അർജന്റീന മെസിയെ കേന്ദ്രീകരിച്ചു ചെയ്‌തതു തന്നെ ചെയ്യുകയാണ് വേണ്ടത്. നെയ്‌മർക്ക് ചുറ്റും കളിക്കാൻ കഴിയുന്ന പത്ത് താരങ്ങളെ ഉണ്ടാക്കി ടീമിനെ ഒരുക്കുക.” നിലവിൽ ബ്രസീലിയൻ ക്ലബായ ഗ്രമിയോയിൽ കളിക്കുന്ന സുവാരസ് പറഞ്ഞു.

“നെയ്‌മർക്ക് ചുറ്റും ഓടാനും അധ്വാനിക്കാനും കഴിയുന്ന പത്ത് താരങ്ങളെ കൃത്യമായി അണിനിരത്താൻ കഴിഞ്ഞാൽ ബ്രസീൽ വിജയിക്കും. കാരണം ആ സമയത്ത് നെയ്‌മർക്ക് മുപ്പത്തിനാല് വയസായിരിക്കും, താരത്തിനത് നല്ല രീതിയിൽ ചെയ്യാനും കഴിയും. ഇത് ബ്രസീലിനു ചെയ്യാൻ കഴിയുന്ന കാര്യമാണ്. ബ്രസീലിനു വിജയം നേടണമെങ്കിൽ എല്ലാ താരങ്ങളും ഒരുമിച്ച് നിന്ന് നെയ്‌മർക്ക് ചുറ്റും പ്രവർത്തിക്കണം.” സുവാരസ് വ്യക്തമാക്കി.

ഖത്തർ ലോകകപ്പിന് ശേഷം ഇതുവരെയും പുതിയ പരിശീലകനെ ബ്രസീൽ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ താൽക്കാലിക പരിശീലകനാണ് ടീമിന്റെ ചുമതല നൽകിയിരിക്കുന്നത്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയെയാണ് ബ്രസീൽ പരിശീലകസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.