മെസിയുടെ ഗോൾവേട്ട തുടരുന്നു, നെയ്‌മറുടെ അഭാവത്തിലും ഗംഭീരജയവുമായി പിഎസ്‌ജി

പിഎസ്‌ജിക്ക് വേണ്ടി തന്റെ ഗോൾവേട്ട തുടർന്ന് ലയണൽ മെസി. ഖത്തർ ലോകകപ്പിന് ശേഷം ക്ലബിന് വേണ്ടിയുള്ള പ്രകടനത്തിൽ ചെറിയൊരു ഇടിവ് കാണിച്ചിരുന്ന താരം ഇപ്പോൾ ഏറ്റവും മികച്ച ഫോമിലാണ് ടീമിനായി കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നാന്റസിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ ലയണൽ മെസിയാണ് ടീമിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്.

പന്ത്രണ്ടാം മിനുട്ടിലാണ് ലയണൽ മെസിയുടെ ഗോൾ പിറന്നത്. നുനോ മെൻഡസ് നൽകിയ ക്രോസ് ഒരു നാന്റസ് താരത്തിന്റെ ദേഹത്ത് തട്ടി ബോക്‌സിലേക്ക് വന്നപ്പോൾ ഓടിയെത്തിയ ലയണൽ മെസി അത് അനായാസം വലയിലേക്ക് തട്ടിയിടുകയായിരുന്നു. അതിനു പിന്നാലെ തന്നെ ഹാഡിയാമിന്റെ സെൽഫ് ഗോളിൽ പിഎസ്‌ജി ലീഡുയർത്തി. എന്നാൽ ആദ്യപകുതിയിൽ തന്നെ ബ്‌ളാസ്, ഗാനാഗോ എന്നിവരിലൂടെ തിരിച്ചടിച്ച നാന്റസ് മത്സരത്തിൽ പിഎസ്‌ജിയുടെ ഒപ്പമെത്തി.

മത്സരത്തിന്റെ അറുപതാം മിനുട്ടിലാണ് പിഎസ്‌ജി വീണ്ടും ലീഡ് ഉയർത്തുന്നത്. ഡാനിലോ പെരേരയാണ് നിർണായകമായ ഗോൾ ക്ലബിനായി നേടുന്നത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ പിഎസ്‌ജിക്കായി എംബാപ്പെ ഗോൾ നേടി വിജയമുറപ്പിച്ചു. പകരക്കാരനായിറങ്ങിയ പെംബെലെ നൽകിയ പാസിലാണ് താരം ക്ലബിനായി തന്റെ ഇരുനൂറ്റിയൊന്നാം ഗോൾ നേടിയത്. ഇതോടെ പിഎസ്‌ജിയുടെ എക്കാലത്തെയും ടോപ് സ്കോററായി ഇരുപത്തിനാലാം വയസിൽ എംബാപ്പെ മാറി.

മത്സരത്തിൽ വിജയം നേടിയതോടെ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം പതിനൊന്നാക്കി മാറ്റാൻ പിഎസ്‌ജിക്ക് കഴിഞ്ഞു. എന്നാൽ മാഴ്‌സ ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത്. പരിക്ക് കാരണം പുറത്തിരിക്കുന്ന നെയ്‌മർ കളിച്ചില്ലെങ്കിലും പിഎസ്‌ജി ഫോമിൽ തുടരുന്നത് ആരാധകർക്ക് ആശ്വാസമാണ്. ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷ വർധിച്ചിട്ടുണ്ട്.