ബെൻസിമയും വിടപറഞ്ഞു, ഇരുപത്തിനാലു മണിക്കൂറിനിടെ റയൽ മാഡ്രിഡ് വിട്ടത് നാല് താരങ്ങൾ | Real Madrid

റയൽ മാഡ്രിഡിനെ സംബന്ധിച്ച് സമ്മർ ട്രാൻസ്‌ഫർ ജാലകം വലിയൊരു അഴിച്ചു പണിയുടേതാണെന്നാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഉണ്ടായ വാർത്തകൾ വ്യക്തമാക്കുന്നത്. പതിനാലു വർഷമായി ടീമിന്റെ പ്രധാനപ്പെട്ട സ്‌ട്രൈക്കർ ആയിരുന്ന കരിം ബെൻസിമ ഉൾപ്പെടെ നാല് താരങ്ങൾ ക്ലബ് വിട്ട കാര്യം കഴിഞ്ഞ ഇന്നും ഇന്നലെയുമായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചത് ആരാധകർക്ക് ഞെട്ടലുണ്ടാക്കിയ സംഭവമാണ്.

അൽപ്പസമയം മുൻപ് കരിം ബെൻസിമ ക്ലബ് വിടുമെന്ന കാര്യമാണ് റയൽ മാഡ്രിഡ് ഏറ്റവും അവസാനം പ്രഖ്യാപിച്ചത്. താരം സൗദിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നെങ്കിലും ബെൻസീമയും ആൻസലോട്ടിയും നടത്തിയ പ്രതികരണങ്ങൾ ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഒരു വർഷം കരാർ ബാക്കി നിൽക്കെ താരം ലോസ് ബ്ലാങ്കോസിൽ നിന്നും ധാരണയോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു.

2009ൽ റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം ഇതുവരെ മറ്റൊരു താരത്തെ കരിം ബെൻസിമക്ക് പകരക്കാരനായി റയൽ മാഡ്രിഡിന് കണ്ടെത്തേണ്ടി വന്നിട്ടില്ല. ക്ലബിന്റെ വിശ്വസ്‌തനായ കളിക്കാരനായിരുന്നു ഫ്രഞ്ച് താരം. അടുത്ത സീസൺ കൂടി ബെൻസിമ റയൽ മാഡ്രിഡിൽ തുടരുമെന്നു പ്രതീക്ഷിരിക്കെയാണ് താരം സൗദിയുടെ വമ്പൻ ഓഫർ സ്വീകരിക്കാനൊരുങ്ങുന്നത്.

ഇതിനു പുറമെ ഇന്നലെ മൂന്നു താരങ്ങൾ ക്ലബ് വിടുന്ന കാര്യം കൂടി റയൽ മാഡ്രിഡ് പ്രഖ്യാപിക്കുകയുണ്ടായി. റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം ഇതുവരെ തന്റെ ഫോം പ്രകടിപ്പിക്കാൻ കഴിയാതിരുന്ന ഈഡൻ ഹസാർഡ്, കരാർ അവസാനിച്ച മാർകോ അസെൻസിയോ, മരിയാനോ എന്നിവരാണ് ക്ലബ് വിട്ടത്. ഈഡൻ ഹസാർഡിന്റെ മോശം ഫോം കാരണം റയൽ മാഡ്രിഡ് ഒഴിവാക്കിയതാണെന്ന് വ്യക്തമാണ്. ഒരു വർഷം കൂടിയാണ് താരത്തിന്റെ കരാർ ബാക്കിയുണ്ടായിരുന്നത്.

കരാർ അവസാനിച്ച അസെൻസിയോ റയൽ മാഡ്രിഡിൽ തുടരുന്നില്ലെന്ന തീരുമാനം എടുക്കുകയായിരുന്നു. താരത്തെ നിലനിർത്താൻ ലോസ് ബ്ലാങ്കോസിനു താൽപര്യം ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ കുറഞ്ഞതാണ് പുതിയ ക്ലബ്ബിനെ പരിഗണിക്കാൻ അസെൻസിയോയെ പ്രേരിപ്പിച്ചത്. താരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുമായി കരാറിലെത്തിയെന്നാണ് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത്.

Benzema Hazard Asensio Mariano Leaves Real Madrid