മധ്യവരക്കടുത്തു നിന്നും മിന്നൽ ഫ്രീ കിക്ക്, ഇതുപോലൊരു ഗോൾ നേടാൻ മറ്റൊരു താരത്തിനും കഴിയില്ല | Hulk

ബ്രസീലിയൻ താരമായ ഹൾക്ക് ഒരുപാട് കാര്യങ്ങൾ കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന അപ്രകാരമുള്ള ഒരു ശരീരം സ്വന്തമായുള്ള താരം അതിന്റെ പേരിലും അതിനു പുറമെ അസാമാന്യമായ ഗോളുകൾ നേടിയും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ക്ലബിനും ദേശീയ ടീമിനായി നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരം ഇപ്പോൾ ബ്രസീലിയൻ ലീഗിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

മുപ്പത്തിയാറു വയസുള്ള ഹൾക്ക് കഴിഞ്ഞ ദിവസം ബ്രസീലിയൻ ലീഗിൽ നേടിയ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അത്ലറ്റികോ മിനിറോയുടെ താരമായ മുപ്പത്തിയാറുകാരൻ ക്രൂസേറോക്കെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോൾ കണ്ടാൽ ഒരാളും കയ്യടിക്കാതിരിക്കില്ല. മധ്യവരയുടെ അടുത്ത് നിന്നും എടുത്ത ഫ്രീകിക്കാണ് താരം അവിശ്വസനീയമായ രീതിയിൽ ഗോളാക്കി മാറ്റിയത്.

ഇരുപത്തിയേഴാം മിനുട്ടിലാണ് അത്‌ലറ്റിക് മിനറോക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നത്. മുൻപ് മിന്നൽ ഫ്രീകിക്കുകൾ താരം നേടിയിട്ടുണ്ടെങ്കിലും ഇത്രയും ദൂരത്തു നിന്നും ഒരു ഗോൾ ആരും പ്രതീക്ഷിച്ചിരിക്കില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കളിക്കാരുടെ അരക്കൊപ്പം ഉയരത്തിൽ പന്തിനെ പറപ്പിച്ച താരം അത് ജോലിക്ക് തൊട്ടരികിൽ ബൗൺസ് ചെയ്യിപ്പിച്ച് ഒരവസരവും നൽകാതെ വലക്കുള്ളിലാക്കുകയായിരുന്നു.

ഇതിനു മുൻപും അത്ഭുതപ്പെടുത്തുന്ന ഗോളുകൾ നേടിയിട്ടുള്ള ഹൾക്കിന്റെ മറ്റൊരു അസാമാന്യ ഗോളാണ് കഴിഞ്ഞ ദിവസം പിറന്നത്. അടുത്ത പ്രാവശ്യം പുഷ്‌കാസ് അവാർഡ് പ്രഖ്യാപിക്കുമ്പോൾ അതിൽ മികച്ച ഗോളിനുള്ള പുരസ്‌കാരം ഹൾക്ക് നേടിയാൽ അത്ഭുതപ്പെടാൻ കഴിയില്ല. തന്റെ കരുത്ത് കൈമോശം വന്നിട്ടില്ലെന്ന് താരം തെളിയിച്ച മത്സരത്തിൽ ആ ഗോളിന്റെ പിൻബലത്തിലാണ് അത്ലറ്റികോ മിനേരോ വിജയവും നേടിയത്.

Hulk Scored Unbelievable Freekick Goal