ആരാധകർ എങ്ങിനെ കൂക്കിവിളിക്കാതിരിക്കും, പിഎസ്‌ജി തോൽക്കാൻ കാരണം ലയണൽ മെസിയുടെ വലിയ പിഴവ് | Lionel Messi

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന അവസാനത്തെ മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുകയാണ് ചെയ്‌തത്‌. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം മൂന്നു ഗോളുകൾ വഴങ്ങിയാണ് ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ക്ലെർമോണ്ടിനെതിരെ നടന്ന മത്സരത്തിൽ ചാമ്പ്യന്മാർ തോൽവി നേരിട്ടത്. ഇതോടെ കിരീടം നേടിയെങ്കിലും സീസൺ നിരാശയോടെ ഫ്രഞ്ച് ക്ലബിന് അവസാനിപ്പിക്കേണ്ടി വന്നു.

പിഎസ്‌ജി ജേഴ്‌സിയിൽ ലയണൽ മെസിയുടെയും സെർജിയോ റാമോസിന്റെയും അവസാനത്തെ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. റാമോസ് ഒരു ഗോൾ നേടിയപ്പോൾ ലയണൽ മെസിയെ കൂക്കി വിളികളോടെയാണ് ആരാധകർ തുടക്കം മുതൽ തന്നെ സ്വീകരിച്ചത്. ആദ്യ ഇലവനിലുള്ള താരങ്ങളുടെ പേരുകൾ വിളിച്ചു പറയുമ്പോൾ ലയണൽ മെസിയെ കൂക്കി വിളിച്ച ആരാധകർ പിന്നീട് മത്സരത്തിനിടയിലും അതാവർത്തിച്ചു.

മത്സരത്തിനിടയിൽ ആരാധകർ മെസിയെ കൂക്കി വിളിച്ചതിനു വ്യക്തമായ കാരണമുണ്ട്. മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു ഗോൾ നേടി സമനിലയിൽ നിൽക്കുന്ന സമയത്ത് എംബാപ്പെ നൽകിയ സുവർണാവസരം ലയണൽ മെസി തുലച്ചു കളഞ്ഞിരുന്നു. ഗോളി മാത്രം മുന്നിൽ നിൽക്കുമ്പോൾ ബോക്‌സിനുള്ളിൽ പന്ത് ലഭിച്ച താരത്തിന്റെ ഷോട്ട് വലിയ വ്യത്യാസത്തിൽ ബാറിന് മുകളിലൂടെ പോവുകയായിരുന്നു.

അതിനു ശേഷം ക്ലെർമോണ്ട് ഗോൾ നേടുകയും മത്സരത്തിൽ വിജയം നേടുകയും ചെയ്‌തു. പിഎസ്‌ജി കഴിഞ്ഞ മത്സരത്തിൽ തന്നെ കിരീടം നേടിയതിനാൽ ക്ലബ്ബിനെ സംബന്ധിച്ച് ഇന്നലത്തെ മത്സരം നിർണായകമായ ഒന്നായിരുന്നെങ്കിലും സീസൺ വിജയത്തോടെ അവസാനിപ്പിക്കാനുള്ള അവസരമാണ് ലയണൽ മെസി തുലച്ചു കളഞ്ഞതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Lionel Messi Unbelievable Miss Against Clermont