റയൽ മാഡ്രിഡിനെ തകർത്ത താരം മാഞ്ചസ്റ്റർ സിറ്റി വിടുന്നു, ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നിഷേധിക്കാതെ താരം | Bernardo Silva
ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. സ്വന്തം മൈതാനത്ത് എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി രണ്ടു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടിയാണ് ഫൈനലിലേക്ക് കടന്നത്. ഇതോടെ ക്ലബിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന സിറ്റിക്ക് ആദ്യ കിരീടം നേടാനുള്ള അവസരം കൂടിയാണിത്.
മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചത് പോർച്ചുഗൽ താരം ബെർണാഡോ സിൽവയായിരുന്നു. ഇരുപത്തിമൂന്നാം മിനുട്ടിൽ ആദ്യത്തെ ഗോൾ റയൽ പ്രതിരോധത്തെ സമർത്ഥമായി വെട്ടിച്ച് നേടിയ താരം അതിനു ശേഷം മുപ്പത്തിയേഴാം മിനുട്ടിൽ ഒരു റീബൗണ്ടിൽ നിന്നുള്ള ഹെഡറിലൂടെയും നേടി. ഈ ഗോളുകൾ നേടിയതോടെ ആത്മവിശ്വാസം നഷ്ടമായ റയൽ മാഡ്രിഡിനു പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല.
Bernardo Silva on Paris Saint-Germain rumours: “My plan is to complete well the season, win the Premier League and then the two finals… then, this summer we will see what happens”, reports RMC Sport. 🚨🔵🇵🇹 #MCFC pic.twitter.com/KiqLSKWMvk
— Fabrizio Romano (@FabrizioRomano) May 17, 2023
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം കിരീടം നേടുന്നതിന്റെ അരികിൽ നിൽക്കുകയാണെങ്കിലും അടുത്ത സീസണിൽ ക്ലബിൽ തുടരുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് ബെർണാഡോ സിൽവ പറയുന്നത്. “ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയാണ് എന്റെ ലക്ഷ്യം. പ്രീമിയർ ലീഗ് നേടി രണ്ടു ഫൈനലുകളും വിജയിക്കണം. അതിനു ശേഷം എന്താണ് സംഭവിക്കുകയെന്ന് നമുക്ക് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നോക്കാം.” സിൽവ പറഞ്ഞു.
ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന സൂചനകൾ സിൽവ നൽകിയിരുന്നു. മികച്ചൊരു പ്രോജക്റ്റ് ഉണ്ടെങ്കിൽ അത് പരിഗണിക്കുമെന്നാണ് താരം പറഞ്ഞത്. നിലവിൽ ബാഴ്സലോണയും പിഎസ്ജിയുമാണ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്. ലയണൽ മെസിയുടെ പകരക്കാരനായാണ് പിഎസ്ജി താരത്തെ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ ഇരുപത്തിയൊമ്പതു വയസുള്ള താരത്തെ വിട്ടു കൊടുക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാകുമെന്ന് തോന്നുന്നില്ല.
Bernardo Silva Refuses Rule Out Manchester City Exit