ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിലും ആശങ്ക നൽകുന്ന പ്രതികരണവുമായി പരിശീലകൻ
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയിച്ച മത്സരത്തിൽ രണ്ടു ഗോളുകളും മുന്നേറ്റനിര താരമായ ദിമി നേടി. ഇതോടെ ടൂർണമെന്റിൽ ഒൻപതു ഗോളുകളും മൂന്ന് അസിസ്റ്റുമാണ് താരം നേടിയിരിക്കുന്നത്. മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തിയിട്ടുണ്ട്.
അതേസമയം വിജയത്തിലും ആരാധകർക്ക് ആശങ്ക നൽകുന്ന ഒരു കാര്യം ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരത്തിന് ശേഷം പറയുകയുണ്ടായി. ഇനി ഏതാനും മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ പലരും ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പരിശീലകൻ പറയുന്നത്. പനിയടക്കമുള്ള അസുഖങ്ങളാണ് താരങ്ങളെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളിൽ ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാമെന്നും അദ്ദേഹം അറിയിച്ചു.
“കഴിഞ്ഞ പതിനഞ്ചു ദിവസങ്ങളിൽ കളിക്കാർ, ടെക്നിക്കൽ സ്റ്റാഫുകൾ, മെഡിക്കൽ സ്റ്റാഫുകൾ എന്നിങ്ങനെ നിരവധി പേർ പനി കാരണം ബുദ്ധിമുട്ടുകയായിരുന്നു. ആ ദിവസങ്ങളിൽ കളിക്കാർക്ക് അവരുടെ താളം നഷ്ടമായിരുന്നു. പലർക്കും ട്രെയിനിങ് നഷ്ടമായി, ഞങ്ങൾക്ക് അവരെ ഇടകലർത്തി ഉപയോഗിക്കേണ്ടി വന്നു. മത്സരത്തിനു വേണ്ടിയുള്ള ഫിറ്റായ ടീമിനെ ഉണ്ടാക്കിയത് അങ്ങിനെയാണ്.” വുകോമനോവിച്ച് പറഞ്ഞു.
5️⃣ – Kerala Blasters FC are now Unbeaten in five matches at Home. Turning it into a fortress 💥👏 #IndianFootball | #KBFC pic.twitter.com/zaLV2hn4nc
— 90ndstoppage (@90ndstoppage) January 29, 2023
മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുൻപ് ഏതാനും ദിവസങ്ങൾക്കു മുൻപ് തനിക്കും അസുഖം ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ പൂർണമായും ഫിറ്റല്ലെങ്കിൽ അവരെ ഇലവനിൽ ഇറക്കാതെ മത്സരത്തിന് മുഴുവനായും തയ്യാറായ താരങ്ങളെ മാത്രമേ ഇറക്കാനാവൂ എന്നും ഇതുപോലെയുള്ള കളികളിൽ അത് വളരെ പ്രധാനമാണെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളിൽ താരങ്ങൾ നടത്തുന്ന പ്രകടനം ടീം സെലെക്ഷനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.