നൈറ്റ് ക്ലബും പാർട്ടിയുമായി നടന്നാൽ ഇതൊന്നും നേടാനാവില്ല, ബ്രസീലിയൻ താരങ്ങൾ മെസിയെക്കണ്ടു പഠിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് | Messi

ഫുട്ബോൾ ലോകത്ത് ലയണൽ മെസിയുടെ പേരു മാത്രം മുഴങ്ങിക്കേട്ട മറ്റൊരു ദിവസമായിരുന്നു കഴിഞ്ഞു പോയത്. പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കിയതോടെ പുരസ്‌കാരങ്ങളുടെ എണ്ണം എട്ടാക്കി വർധിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. എതിരാളികൾ ഹാലാൻഡാണ് പുരസ്‌കാരം അർഹിക്കുന്നതെന്നു വാദിക്കുന്നുണ്ടെങ്കിലും ഖത്തർ ലോകകപ്പിൽ താരം നടത്തിയ പ്രകടനം മാത്രം മതി മെസിക്ക് ബാലൺ ഡി ഓർ തന്റേതാക്കി മാറ്റാൻ.

എട്ടാമത്തെ ബാലൺ ഡി ഓറും ചരിത്രനേട്ടവും കുറിച്ച ലയണൽ മെസിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തു വന്നത്. അതിലൊരാളായിരുന്നു ലാറ്റിനമേരിക്കയിൽ അർജന്റീനയുടെ പ്രധാന എതിരാളികളായി കണക്കാക്കപ്പെടുന്ന ബ്രസീലിന്റെ പ്രസിഡന്റായ ലുല. ട്വിറ്ററിലൂടെ അദ്ദേഹം നൽകിയ കുറിപ്പിൽ മുപ്പത്തിയാറാം വയസിൽ ലയണൽ മെസി സ്വന്തമാക്കിയ നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം ബ്രസീലിയൻ താരങ്ങൾ അർജന്റീന താരത്തെ മാതൃകയാക്കണമെന്നും വ്യക്തമാക്കുകയുണ്ടായി.

“ബ്രസീലിയൻ താരങ്ങൾക്ക് മെസിയൊരു മാതൃകയായിരിക്കണം. മുപ്പത്തിയാറുകാരനായ താരം ലോകകപ്പും ബാലൺ ഡി ഓറുമടക്കം എല്ലാം സ്വന്തമാക്കി. ഈ കുട്ടികൾക്ക് അർപ്പണബോധമുണ്ടാകാൻ ലയണൽ മെസി ഒരു പ്രചോദനമായി തുടരണം. ബാലൺ ഡി ഓർ വിജയിക്കണമെന്നുണ്ടെങ്കിൽ അവർ അതിനായി സ്വയം സമർപ്പിക്കേണ്ടതും പ്രൊഫെഷനലായി തുടരേണ്ടതും അനിവാര്യമാണ്. നൈറ്റ് ഔട്ടുകളും പാർട്ടികളും അതിനു നിങ്ങളെ സഹായിക്കില്ല.” അദ്ദേഹം പറഞ്ഞു. ഇതുപോലെ മാതൃകയാക്കേണ്ട ഒരു താരം ബ്രസീലിൽ ഉണ്ടായിട്ട് എത്ര കാലമായെന്നും അദ്ദേഹം ചോദിച്ചു.

ബ്രസീലിയൻ താരങ്ങൾക്കു മേൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നതാണ് പ്രസിഡന്റിന്റെ വാക്കുകൾ. 2002ൽ അവസാനമായി ലോകകപ്പ് നേടിയതിനു ശേഷം പിന്നീടൊരിക്കൽ പോലും അതിന്റെ ഫൈനലിൽ കടക്കാൻ പോലും ബ്രസീലിനു കഴിഞ്ഞിട്ടില്ല. പ്രതിഭാധനരായ നിരവധി താരങ്ങൾ ഉണ്ടായിട്ടും ബ്രസീൽ ലോകകപ്പിൽ നിരാശപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിൽ ആരാധകരും താരങ്ങൾക്കെതിരെയും നേതൃത്വത്തിനെതിരെയും തിരിഞ്ഞിട്ടുണ്ട്.

അതേസമയം ലയണൽ മെസിയുടെ തലയിൽ ഒരു പൊൻതൂവലാണ് ബ്രസീലിന്റെ പ്രസിഡന്റിന്റെ ഈ അഭിപ്രായം. അർജന്റീനയുടെ എതിരാളി ആയിരുന്നിട്ടു കൂടി ലയണൽ മെസിയുടെ നേട്ടത്തെ അദ്ദേഹം മനസ് നിറഞ്ഞാണ് അഭിനന്ദിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. 2021 കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ഫൈനലിൽ അർജന്റീനക്ക് പിന്തുണ നൽകിയ നിരവധി ബ്രസീൽ ആരാധകരുണ്ടായിരുന്നു. മെസി തന്നെയാണ് ഇതിൽ പ്രധാനപ്പെട്ട ഘടകം.

Brazil President Lula Praise Lionel Messi