ലയണൽ മെസിയുടെ പിൻഗാമി, അർജന്റീന താരത്തെ പ്രീമിയർ ലീഗ് ക്ലബ് സ്വന്തമാക്കി

ലയണൽ മെസിയുടെ പിൻഗാമിയായി അറിയപ്പെടുന്ന അർജന്റീന കൗമാര താരത്തെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൻ. അർജന്റീനിയൻ ക്ലബായ റൊസാരിയോ സെൻട്രലിന്റെ കളിക്കാരനായ ഫാക്കുണ്ടോ ബവോണനോട്ടയെ സ്വന്തമാക്കിയ വിവരം രണ്ടു ക്ലബുകളും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബുമായി 2026 വരെ കരാറൊപ്പിട്ട പതിനേഴുകാരനായ താരം ജനുവരിയിലാണ് ബ്രൈറ്റണിലേക്കെത്തുക.

മധ്യനിര താരമായ ഫാകുണ്ടോ അർജന്റീന ലീഗിലെ തന്റെ പ്രകടനം കൊണ്ട് നിരവധി പേരുടെ ശ്രദ്ധയാകർഷിച്ച താരമാണ്. താരത്തിന്റെ ഏജന്റ് ആദ്യം ട്രാൻസ്‌ഫർ പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു ക്ലബുകളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സമ്മറിൽ തന്നെ ബ്രൈറ്റൻ സ്വന്തമാക്കാൻ ശ്രമിച്ച താരത്തെ പത്തു മില്യൺ യൂറോയിലധികം നൽകിയാണ് ബ്രൈറ്റൻ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.

താരത്തിന്റെ നീക്കങ്ങൾ ലയണൽ മെസിയെ ഓർമിപ്പിക്കുന്നുവെന്ന് പറഞ്ഞത് മുൻ അർജന്റീന താരമായ കാർലോസ് ടെവസാണ്. ഒരുപാട് കാലത്തിന്റെ ഇടയിലാണ് ഇതുപോലൊരു താരം കളിക്കുന്നതു കാണുന്നതെന്നും അതു തനിക്ക് വളരെയധികം സന്തോഷം തരുന്നുണ്ടെന്നും ടെവസ് പറഞ്ഞിരുന്നു. പ്രകടനം കൊണ്ട് ഒരു പതിനേഴുകാരനെയല്ല ഫാകുണ്ടോ ഓർമിപ്പിക്കുന്നതെന്നും താരത്തിന്റെ മനോഭാവം അതിനേക്കാൾ ഉയർന്നതാണെന്നും താരം വെളിപ്പെടുത്തി.

ഫാകുണ്ടോ കൂടിയെത്തുന്നതോടെ ബ്രൈറ്റൻ ടീമിലെ അർജന്റീനിയൻ താരങ്ങളുടെ എണ്ണം രണ്ടായി. മറ്റൊരു മധ്യനിര താരമായ അലക്‌സിസ് മാക് അലിസ്റ്ററും ബ്രൈറ്റണിലാണ് കളിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് ബ്രൈറ്റൻ. ഒരു മത്സരം കുറവ് കളിച്ച അവർക്ക് അതു വിജയിച്ചാൽ ഏഴാം സ്ഥാനത്തെത്താം. കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ടീം കൂടിയാണ് സീഗൾസ് എന്നറിയപ്പെടുന്ന ബ്രൈറ്റൻ.