അടുത്ത മത്സരം കരിയറിൽ അവസാനത്തേത്, ഫുട്ബോളിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ച് ജെറാർഡ് പിക്വ

ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബാഴ്‌സലോണയുടെ ഇതിഹാസതാരം ജെറാർഡ് പിക്വ. ഇന്നലെ സോഷ്യൽ മീഡിയയിലൂടെയാണ്‌ മുപ്പത്തിയഞ്ചുകാരനായ താരം താൻ ഫുട്ബാളിനോട് വിടവാങ്ങുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ശനിയാഴ്‌ച അൽമേരിയയും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന സ്‌പാനിഷ്‌ ലീഗ് മത്സരം തന്റെ ഫുട്ബോൾ കരിയറിൽ അവസാനത്തെ മത്സരമാകുമെന്ന് ജെറാർഡ് പിക്വ വ്യക്തമാക്കി.

ചെറുപ്പം മുതൽ തന്നെ ബാഴ്‌സലോണ ആരാധകനായ ജെറാർഡ് പിക്വ വളരെ വൈകാരിമായ സന്ദേശം ട്വിറ്ററിലൂടെ നൽകിയാണ് വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്. നിരവധി ആഴ്‌ചകളായി ആളുകൾ തന്നെക്കുറിച്ചു പലതും സംസാരിക്കുന്നുണ്ടായിരുന്നുവെന്നു പറഞ്ഞ താരം ഇനി താൻ തന്നെ സംസാരിക്കാൻ തുടങ്ങുകയാണെന്നു പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ചെറുപ്പം മുതലേ ബാഴ്‌സ ആരാധകനായ തനിക്ക് ബാഴ്‌സക്കു വേണ്ടി കളിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും പറയുന്നു.

തന്റെ സ്വപ്‌നങ്ങളെല്ലാം യാഥാർഥ്യമായെന്നു പറഞ്ഞ പിക്വ ബാഴ്‌സലോണക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം താൻ സ്വന്തമാക്കിയെന്നും അതിനൊപ്പം പറയുന്നു. ക്ലബിന്റെ നായകനാവാനും ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കാനും കഴിഞ്ഞുവെന്നു പറഞ്ഞ പിക്വ ഇരുപത്തിയഞ്ചു വർഷത്തെ കരിയറിൽ ക്ലബ് വിട്ടു തിരിച്ചു വന്നതിനെക്കുറിച്ചും ഫുട്ബോളും ബാഴ്‌സയും തനിക്ക് എല്ലാം തന്നതിനെക്കുറിച്ചും പരാമർശിക്കുന്നു. ഇനി ബാഴ്‌സയല്ലാതെ മറ്റൊരു ടീമിനായി കളിക്കില്ലെന്നു പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നും ശനിയാഴ്‌ചത്തെ മത്സരം അവസാനത്തേതാകുമെന്നും താരം വ്യക്തമാക്കി.

ബാഴ്‌സലോണക്കും സ്പെയിൻ ദേശീയ ടീമിനുമൊപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് ജെറാർഡ് പിക്വ. കരിയറിന്റെ ആദ്യ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയും കളിച്ച താരം പിന്നീട് ബാഴ്‌സയിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു. അതിനു ശേഷം ബാഴ്‌സലോണയുടെ സുവർണ തലമുറയുടെ ഭാഗമായി മാറിയ താരത്തിനു പക്ഷെ ഈ സീസണിൽ അവസരങ്ങൾ കുറവായിരുന്നു. ആകെ മൂന്നു മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്.

2008 മുതൽ ബാഴ്‌സലോണ സീനിയർ ടീമിന്റെ ഭാഗമായ ജെറാർഡ് പിക്വ എട്ടു ലാ ലീഗ്‌ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമടക്കം നിരവധി ട്രോഫികൾ ബാഴ്‌സക്കൊപ്പം നേടിയിട്ടുണ്ട്. ഈ സീസണു ശേഷം താരം ബാഴ്‌സലോണ വിടുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും സീസണിനിടയിൽ താരം ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.