മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങി അർജന്റീന താരം, ആദ്യ ഗോളിന് അസിസ്റ്റ് നൽകിയത് റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയ രണ്ടാമത്തെ മത്സരത്തിലും തിളങ്ങി അർജന്റീനിയൻ താരമായ അലസാൻഡ്രോ ഗർനാച്ചോ. നേരത്തെ ഷെരിഫിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയ പതിനെട്ടുകാരനായ താരം ഇന്നലെ സ്‌പാനിഷ്‌ ക്ലബ് റയൽ സോസിഡാഡിനെതിരെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിലും കളിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ ഗോൾ നേടിയത് താരമായിരുന്നു.

മത്സരത്തിന്റെ പതിനേഴാം മിനുട്ടിലാണ് അർജന്റീന താരത്തിന്റെ ഗോൾ പിറക്കുന്നത്. ഇടതുവിങ്ങിലൂടെ ഓടിക്കയറിയ താരം റൊണാൾഡോയുടെ പാസ് സ്വീകരിച്ചതിനു ശേഷം ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സിയിൽ അർജന്റീനിയൻ താരത്തിന്റെ ആദ്യത്തെ ഗോളാണ് ഇന്നലെ പിറന്നത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും മികച്ച പ്രകടനം നടത്തിയതോടെ പ്രീമിയർ ലീഗ് മത്സരങ്ങളിലും അലസാൻഡ്രോ ഗർനാച്ചോക്ക് അവസരം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മത്സരത്തിനു ശേഷം താരത്തിന്റെ ഗോളാഘോഷം റൊണാൾഡോയോടുള്ള ആരാധന കൂടി വ്യക്തമാക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ ഗോളുകൾ നേടിയാൽ നെഞ്ചിൽ കൈ വെച്ച് ശാന്തനായി നിൽക്കുന്ന പുതിയ ഗോളാഘോഷമാണ് റൊണാൾഡോ നടത്താറുള്ളത്. അതെ സെലിബ്രെഷൻ തന്നെയാണ് അർജന്റീനിയൻ താരവും നടത്തിയത്. റൊണാൾഡോയുടെ അനുവാദത്തോടു കൂടി തന്നെയാണ് താരം ആ ഗോളാഘോഷം അനുകരിച്ചത്.

അതേസമയം മത്സരത്തിൽ വിജയം നേടിയെങ്കിലും ഗ്രൂപ്പിൽ ഒന്നാമതു വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. റയൽ സോസിഡാഡിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒരേ പോയിന്റാണെങ്കിലും ഹെഡ് ടു ഹെഡ് മത്സരങ്ങളിലെ നേരിയ ആനുകൂല്യം സ്‌പാനിഷ്‌ ക്ലബ്ബിനെ മുന്നിലെത്തിച്ചു. ഗ്രൂപ്പിൽ രണ്ടാമതു വന്നതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ടീമുകളിൽ ഒന്നുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലേ ഓഫ് കളിക്കേണ്ടി വരും.