വിവാദങ്ങളിൽ അകപ്പെട്ട ബൈജൂസ് മുഖം മിനുക്കാൻ മെസിയെ ഉപയോഗിക്കുന്നു, കമ്പനിയുടെ ഗ്ലോബൽ അംബാസിഡറായി താരം

മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ എഡ്യുടെക് ആപ്ലിക്കേഷനായ ബൈജൂസിന്റെ ഗ്ലോബൽ അംബാസിഡറായി ലയണൽ മെസി. ആപ്പിന്റെ ആഗോളതലത്തിലുള്ള അംബാസിഡർ എന്ന നിലയിലാണ് ലയണൽ മെസിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അർജന്റീന നായകനും പിഎസ്‌ജി താരവുമായ മെസിയെ അംബാസിഡറാക്കിയ വിവരം ബൈജൂസ്‌ തന്നെയാണ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്.

“ഞങ്ങളുടെ ഗ്ലോബൽ അംബാസിഡർ എന്ന നിലയിൽ മെസിയുമായി ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. താഴെക്കിടയിൽ നിന്നാണ് ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്ട്സ് താരമെന്ന നിലയിലേക്ക് ലയണൽ മെസി ഉയർന്നു വന്നത്. അതാണ് ബൈജൂസിന്റെ അഞ്ചു മില്യനോളം വരുന്ന കുട്ടികൾക്ക് ഞങ്ങളും നൽകേണ്ടത്. ഒരു മനുഷ്യന്റെ പ്രതിഭയെ അടയാളപ്പെടുത്താൻ ലയണൽ മെസിയോളം വലിയൊരു ഉദാഹരണമില്ല.” ബൈജൂസ്‌ പറഞ്ഞു.

ബൈജൂസ്‌ വിമർശനങ്ങൾക്ക് വിധേയമാകുന്ന കാലത്താണ് ലയണൽ മെസിയെ അവർ ബ്രാൻഡ് അംബാസിഡറാക്കി നിയമിച്ചിരിക്കുന്നത്. കമ്പനിയുടെ തിരുവനന്തപുരം ശാഖയിലെ തൊഴിലാളികളെ പിരിച്ചു വിട്ടതും അതിൽ സർക്കാർ ഇടപെടൽ നടത്തിയതും നേരത്തെ വാർത്തയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമെന്നു കമ്പനി അറിയിച്ചെങ്കിലും അങ്ങനെയുള്ളപ്പോൾ ലയണൽ മെസിയെ ബ്രാൻഡ് അംബാസിഡറാക്കാൻ കഴിയുന്നത് എങ്ങിനെയാണെന്ന ചോദ്യം പലരും ഉയർത്തുന്നു.

നിലവിൽ ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന പേരാണ് ലയണൽ മെസി. ഖത്തർ ലോകകപ്പ് അടുത്തിരിക്കെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മുപ്പത്തിയഞ്ചുകാരനായ താരത്തിലേക്കാണ്. ഏവരുടെയും പ്രിയപ്പെട്ട താരമായ ലയണൽ മെസിയെ തങ്ങളുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ ആക്കുക വഴി ഇപ്പോഴുയർന്ന വിവാദങ്ങളിൽ നിന്നും രക്ഷ നേടാനും ആഗോള തലത്തിൽ ശ്രദ്ധ ലഭിക്കാനുമാണ് ബൈജൂസ്‌ ശ്രമം നടത്തുന്നതെന്നു വ്യക്തമാണ്.