“മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പ്രശ്‌നങ്ങളുമായി വന്ന റൊണാൾഡോയെ പോർച്ചുഗലും ബെഞ്ചിലിരുത്തി”- ലോകകപ്പിൽ നടന്ന സംഭവങ്ങളെക്കുറിച്ച് പോർച്ചുഗൽ സഹതാരം

ഖത്തർ ലോകകപ്പിലെ പോർച്ചുഗലിന്റെ പ്രകടനം ആരാധകർക്ക് നിരാശ സമ്മാനിച്ച ഒന്നായിരുന്നു. ഇത്തവണ കിരീടം നേടുമെന്ന് വിലയിരുത്തപ്പെട്ട ടീം ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്താവുകയായിരുന്നു. ഇതോടെ ഒരു ലോകകപ്പ് കിരീടമെന്ന പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോഹം പൂവണിഞ്ഞില്ല. അടുത്ത ലോകകപ്പ് കളിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത താരത്തിന്റെ അവസാന അവസരമായിരുന്നു ഈ ലോകകപ്പ്.

ലോകകപ്പിൽ പോർച്ചുഗലിന്റെ പുറത്താകലിനൊപ്പം ആരാധകർക്ക് നിരാശ നൽകിയ ഒന്നായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായകമായ മത്സരങ്ങളിൽ ബെഞ്ചിലായത്. പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ താരം ആദ്യ ഇലവനിൽ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. പ്രധാന മത്സരങ്ങളിൽ ബെഞ്ചിരിക്കേണ്ടി വന്നതിൽ റൊണാൾഡോക്ക് അസംതൃപ്‌തി ഉണ്ടായിരുന്നുവെന്നും എന്നാൽ താരം ടീമിനൊപ്പം നിന്നുവെന്നുമാണ് സഹതാരം കാർവാലോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

“ബെഞ്ചിലിരിക്കേണ്ടി വന്നതിൽ റൊണാൾഡോക്ക് വളരെ അസംതൃപ്‌തി ഉണ്ടായിരുന്നു. എന്നാൽ താരം ഇപ്പോഴും ടീമിനൊപ്പമാണ് നിന്നിട്ടുള്ളത്. കളിക്കുന്നില്ലെങ്കിൽ പോലും താരം ഞങ്ങളെ സഹായിക്കുന്നുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ എങ്ങിനെ മാറ്റിനിർത്തണമെന്ന് ടീമിന് അറിയാമായിരുന്നു, അതുകൊണ്ടു തന്നെ ടീമിലെ ആരെയും അത് ബാധിച്ചില്ല.” കാർവാലോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പ്രശ്‌നങ്ങളുമായി പോർച്ചുഗൽ ടീമിലേക്ക് വന്ന റൊണാൾഡോ അവിടെയും ബെഞ്ച് ചെയ്യപ്പെട്ടത് താരത്തിന് തീർച്ചയായും അതൃപ്‌തി ഉണ്ടാക്കുമെന്ന് തന്നെയാണ് കാർവാലോ കരുതുന്നത്. ബെഞ്ചിലിരിക്കാൻ ഒരു താരത്തിനും ഇഷ്‌ടമല്ലെന്നു പറഞ്ഞ കാർവാലോ പക്ഷെ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെ പ്രശംസിച്ചു. ടീമിനായി വളരെ മികച്ച കാര്യങ്ങളാണ് അദ്ദേഹം ചെയ്‌തതെന്നു പറഞ്ഞ കർവാലോ അദ്ദേഹത്തോട് വളരെ മതിപ്പുണ്ടെന്ന് കൂട്ടിച്ചേർത്തു.