മെസിയോട് മത്സരിക്കാൻ നദാലിന് താൽപര്യമില്ല, അവാർഡ് മെസിയാണ് അർഹിക്കുന്നതെന്ന് ടെന്നീസ് ഇതിഹാസം

കായികമേഖലയിലെ ഓസ്‌കാർ ആയി അറിയപ്പെടുന്ന ലോറിസ് അവാർഡ്‌സിലെ ഏറ്റവും മികച്ച സ്പോർട്ട്സ് പേഴ്‌സൺ അവാർഡിനുള്ള ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ അതിൽ ലയണൽ മെസിയുമുണ്ടായിരുന്നു. ഫുട്ബോൾ മേഖലയിൽ നിന്നും ലോറിസ് അവാർഡ് സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു താരമായ ലയണൽ മെസി രണ്ടാമത്തെ തവണയും ഈ നേട്ടം സ്വന്തമാക്കിയാൽ അത് ചരിത്രമായി മാറും. 2020ലാണ് മെസി മുൻപ് ഈ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്.

ലയണൽ മെസിക്കു പുറമെ ലോകകപ്പ് ഫൈനൽ കളിക്കുകയും ടൂർണമെന്റിലെ ടോപ് സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്‌ത ഫ്രഞ്ച് താരം എംബാപ്പയും ഫുട്ബോളിൽ നിന്നും ഈ പട്ടികയിലുണ്ട്. എൻബിഎ താരം സ്റ്റീഫൻ കറി, ഫോർമുല വൺ ഡ്രൈവർ മാക്‌സ് വേസ്റ്റാപ്പൻ, ഓസ്‌ട്രേലിയൻ ഓപ്പൺ ഫ്രഞ്ച് ഓപ്പൺ എന്നിവ നേടിയ ടെന്നീസ് താരം നദാൽ, പോൾവാൾട്ട് താരം ഡ്യൂപ്‌ളാന്റിസ് എന്നിവരും ലിസ്റ്റിലുണ്ട്.

അതേസമയം പുരസ്‌കാരത്തിനുള്ള പട്ടികയിലുള്ള ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ കഴിഞ്ഞ ദിവസം ലോറിസ് അവാർഡ് ലയണൽ മെസിക്ക് നൽകാൻ വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. “ഒരിക്കൽ കൂടി ലോറിസ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ട്. പക്ഷെ ഈ വർഷം അവാർഡ് അർഹിക്കുന്നത് ലയണൽ മെസിയാണ്.” കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഇട്ട സ്റ്റോറിയിലൂടെ റാഫേൽ നദാൽ പറഞ്ഞു.

ഇത്തവണ പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരം ലയണൽ മെസി തന്നെയാണെന്നാണ് ഏവരും കരുതുന്നത്. ക്ലബ് തലത്തിൽ രണ്ടു കിരീടങ്ങൾ 2022ൽ സ്വന്തമാക്കിയ മെസി അർജന്റീനക്കായും രണ്ടു കിരീടങ്ങൾ സ്വന്തമാക്കി. ലോകകപ്പിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് മെസി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതെന്നത് താരം ലോറിസ് അവാർഡ് നേടാനുള്ള സാധ്യത വർധിപ്പിക്കുന്നു.