എംഎൻഎം ത്രയം പിരിയും, നിർണായക തീരുമാനവുമായി പിഎസ്‌ജി

എംബാപ്പെ, നെയ്‌മർ എന്നിവർക്കൊപ്പം ലയണൽ മെസി കൂടി എത്തിയതോടെ യൂറോപ്പിലെ ഏറ്റവും വിസ്ഫോടനാത്മകമായ മുന്നേറ്റനിര പിഎസ്‌ജിയിൽ ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അങ്ങിനെയല്ല സംഭവിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളാണെങ്കിലും പൂർണമായും ഒത്തിണക്കത്തോടെ കളിക്കാൻ രണ്ടാമത്തെ സീസണിലും ഇവർക്ക് കഴിയുന്നില്ല. ഇതിനു പുറമെ ടീമിനെ വേണ്ട രീതിയിൽ അഴിച്ചു പണിയാത്തതും പിഎസ്‌ജിക്ക് തിരിച്ചടി നൽകുന്നു.

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഈ ത്രയം പിരിയുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പൻ തുക പ്രതിഫലമായി വാങ്ങുന്ന ഈ താരങ്ങൾ കാരണം പുതിയ താരങ്ങളെ സ്വന്തമാക്കാൻ പിഎസ്‌ജി ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇതു കാരണം സന്തുലിതമായ ടീമിനെ കെട്ടിപ്പടുക്കാനും ക്ലബിന് കഴിയുന്നില്ല. ഇക്കാരണം കൊണ്ടാണ് മുന്നേറ്റനിരയെ അഴിച്ചുപണിയാൻ പിഎസ്‌ജി ഒരുങ്ങുന്നത്.

ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മുന്നേറ്റനിരയിലെ താരങ്ങളിൽ എംബാപ്പെ അതുപോലെ തുടരുമെന്നാണ് പിഎസ്‌ജിയുടെ തീരുമാനം. പിഎസ്‌ജി പ്രൊജക്റ്റിന്റെ കേന്ദ്രം ഫ്രഞ്ച് താരം തന്നെയാണ്. ലയണൽ മെസി, നെയ്‌മർ എന്നിവരിൽ ഒരാളെ ഒഴിവാക്കാനാണ് പിഎസ്‌ജി ആലോചിക്കുന്നത്. ഈ സീസൺ കഴിയുന്നത് വരെയുള്ള പ്രകടനം ഇക്കാര്യത്തിൽ നിർണായകമായിരിക്കും. അതിനു ശേഷമേ പിഎസ്‌ജി തീരുമാനം എടുക്കുകയുള്ളൂ.

നെയ്‌മറെ ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നു. ചെൽസി അടക്കമുള്ള പ്രീമിയർ ലീഗ് ക്ലബുകൾ ബ്രസീലിയൻ താരത്തിനായി രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനൊപ്പം ലയണൽ മെസിയുടെ കരാർ പുതുക്കുന്ന കാര്യം എവിടെയും എത്തിയിട്ടില്ല. നിലവിൽ അതുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ രണ്ടു താരങ്ങളിൽ ആരു വേണമെങ്കിലും പിഎസ്‌ജി വിടാമെന്ന സാഹചര്യമാണ് നിലവിലുള്ളത്.