രണ്ടു പരിശീലകർ മാതൃക, ഗ്രഹാം പോട്ടറെ ചെൽസി പുറത്താക്കാത്തതിന്റെ കാരണമിതാണ്

ചെൽസി പരിശീലകനെന്ന നിലയിൽ തുടക്കം മികച്ച രീതിയിലായിരുന്നെങ്കിലും ഗ്രഹാം പോട്ടറെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ചെൽസി ആകെ ഒരെണ്ണത്തിൽ മാത്രമാണ് ചെൽസിക്ക് വിജയം നേടാൻ കഴിഞ്ഞിരിക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി വമ്പൻ താരങ്ങളെ സ്വന്തമാക്കി ടീമിൽ വലിയ അഴിച്ചുപണികൾ നടത്തിയിട്ടും ചെൽസിയെ മികച്ച ഫോമിലേക്ക് നയിക്കാൻ ഇംഗ്ലീഷ് പരിശീലകന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

എന്നാൽ ഇങ്ങിനെയൊക്കെയായിട്ടും ഗ്രഹാം പോട്ടറെ ഇതുവരെ പുറത്താക്കാൻ ചെൽസി നേതൃത്വം തയ്യാറായിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഏതാനും മത്സരങ്ങളിലെ മോശം ഫലം വന്നപ്പോൾ തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത തോമസ് ടുഷെലിനെ പുറത്താക്കിയ ചെൽസിയാണ് പോട്ടറുടെ കാര്യത്തിൽ നിശബ്‌ദത പുലർത്തുന്നത്. എന്നാൽ അതിനു പിന്നിൽ തക്കതായ കാരണമുണ്ടെന്നാണ് എവെനിംഗ് സ്റ്റാൻഡേർസ് റിപ്പോർട്ട് ചെയ്യുന്നത്.

ഒൻപതു താരങ്ങളെ ടീമിലെത്തിച്ച ജനുവരി ട്രാൻസ്‌ഫർ ജാലകം ടീം തിരഞ്ഞെടുപ്പിൽ പോട്ടർക്ക് വലിയ ആശയക്കുഴപ്പം നൽകിയിട്ടുണ്ടാകാമെന്നും അതിൽ നിന്നും തനിക്ക് അനുയോജ്യമായ താരങ്ങളെ ഉപയോഗിച്ച് മികച്ചൊരു ടീമിനെ സൃഷ്‌ടിക്കാൻ അദ്ദേഹത്തിന് സമയം വേണ്ടി വരുമെന്നും ചെൽസി നേതൃത്വം കരുതുന്നു. ഇത് ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള സമയമായി കണക്കാക്കുന്ന അവർ അദ്ദേഹത്തിന് ആവശ്യമുള്ളത്ര സമയം നൽകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയുള്ള രണ്ടു പരിശീലകരെ ചെൽസി നേതൃത്വം മാതൃകയായി കണക്കിലെടുക്കുന്നു. ആഴ്‌സണൽ പരിശീലകനായ അർടെട്ടയും ലിവർപൂൾ പരിശീലകനായ ക്ളോപ്പും ആദ്യഘട്ടത്തിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ പരാജയപ്പെട്ട പരിശീലകരാണ്. എന്നാൽ ടീമിനൊപ്പം തുടർന്ന അവർ ഏതാനും സീസൺ കഴിഞ്ഞപ്പോൾ ഏറ്റവും മികച്ച സ്‌ക്വാഡിനെ ഉണ്ടാക്കി. പോട്ടർക്കും അതിനു കഴിയുമെന്ന് ചെൽസി കരുതുന്നു.

പോട്ടർ കുറച്ചു കാലം കൂടി തുടർന്നാൽ ടീമിനെ മികച്ചതാക്കി മാറ്റുമെന്നും മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള ക്ലബുകളെ പോലെ ചെൽസിയെ സ്ഥിരമായി മികച്ച പ്രകടനം നടത്തുന്ന സംഘമാക്കി മാറ്റുമെന്നും അവർ കരുതുന്നു. എന്തായാലും പോട്ടർക്ക് സമയം നൽകാൻ തന്നെയാണ് ചെൽസി തീരുമാനിച്ചിരിക്കുന്നതെന്ന് ഇതിൽ നിന്നും കരുതാവുന്നതാണ്.