ലോകകപ്പ് കിരീടം നേടിയതിനു ശേഷം ആദ്യമായി ലയണൽ മെസി ബാഴ്‌സലോണയിൽ

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലയണൽ മെസി താരമായിരുന്നു. പിഎസ്‌ജി മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ മെസിയാണ് ടീമിന്റെ വിജയഗോൾ നേടിയത്. തോൽക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ പോരാടി അവസാന മിനിറ്റുകളിൽ രണ്ടു ഗോളുകൾ നേടി സ്വന്തമാക്കിയ വിജയം പിഎസ്‌ജി പരിശീലകൻ അടക്കമുള്ളവർ വലിയ ആവേശത്തോടെയാണ് ആഘോഷിച്ചത്.

മത്സരത്തിന് പിന്നാലെ പിഎസ്‌ജി താരങ്ങൾക്ക് രണ്ടു ദിവസത്തെ അവധിയാണ് പരിശീലകൻ നൽകിയത്. ഇനി അടുത്ത ഞായറാഴ്‌ചയെ പിഎസ്‌ജിക്ക് മത്സരമുള്ളൂ എന്നതു കൂടി കണക്കിലെടുത്താണ് ഗാൾട്ടിയാർ രണ്ടു ദിവസത്തെ അവധി നൽകിയത്. ബുധനാഴ്‌ച പിഎസ്‌ജി പരിശീലനം പുനരാരംഭിക്കും. അവസാനം വരെ പൊരുതി പിഎസ്‌ജി നേടിയ വിജയത്തിന് ശേഷം അവധി നൽകിയത് താരങ്ങളുടെ പിരിമുറുക്കം കുറക്കുമെന്നും ഗാൾട്ടിയർ കരുതുന്നു.

അതേസമയം അവധി ലഭിച്ചതിനു പിന്നാലെ ഇന്നലത്തെ മത്സരത്തിലെ ഹീറോ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് എത്തിയിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ വിജയം നേടിയതിനു ശേഷം ആദ്യമായാണ് മെസി ബാഴ്‌സലോണയിലേക്ക് വരുന്നത്. രണ്ടു ദിവസം ബാഴ്‌സലോണയിൽ കുടുംബത്തോടൊപ്പം നിന്നതിനു ശേഷം ലയണൽ മെസി തിരിച്ച് പാരീസിലേക്ക് തന്നെ പോകും. ബാഴ്‌സലോണയിൽ എത്തിയ മെസിക്ക് തന്റെ മുൻ ക്ലബുമായി കൂടിക്കാഴ്‌ച നടത്തുകയെന്ന ഉദ്ദേശമൊന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം പിഎസ്‌ജിയുമായുള്ള കരാർ ചർച്ചകൾ എവിടെയുമെത്താതെ നിൽക്കുന്ന സമയത്ത് ലയണൽ മെസി ബാഴ്‌സലോണയിലേക്ക് വന്നത് ക്ലബിന്റെ ആരാധകരിൽ വളരെയധികം പ്രതീക്ഷ നൽകിയിട്ടുണ്ട്. ക്ലബ്ബിലേക്ക് താരം തിരിച്ചു വരാനുള്ള സാധ്യതകൾ ഉണ്ടെന്നു തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. എന്നാൽ മെസി ബാഴ്‌സലോണക്കു വേണ്ടി കളിക്കുമെന്ന് കരുതുന്നില്ലെന്നും ക്ലബുമായി യാതൊരു ചർച്ചകളും ഉണ്ടായിട്ടില്ലെന്നുമാണ് താരത്തിന്റെ പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.