കായികമേഖലയിലെ ഓസ്‌കാർ, മെസിയും അർജന്റീന ടീമും പട്ടികയിൽ

കായികമേഖലയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിസ് അവാർഡ് 2023ന്റെ രണ്ടു കാറ്റഗറിയിലേക്കുള്ള പട്ടിക പ്രഖ്യാപിച്ചപ്പോൾ ലോകകപ്പ് നേടിയ അർജന്റീന ടീമും നായകനായ ലയണൽ മെസിയും ഇടം നേടി. മികച്ച ടീമുകൾക്കുള്ള അവാർഡിലാണ് അർജന്റീന ടീം ഇടം പിടിച്ചിരിക്കുന്നത്, റയൽ മാഡ്രിഡ് ടീമും ഒപ്പം ഇടം നേടിയിട്ടുണ്ട്. മികച്ച പുരുഷ അത്‍ലറ്റിനുള്ള പട്ടികയിൽ മെസി ഇടം പിടിച്ചതിനു പുറമെ ഫ്രഞ്ച് താരമായ എംബാപ്പയും കൂടെയുണ്ട്.

ലോകകപ്പ്, ലാ ഫൈനലൈസിമ, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് സൂപ്പർകപ്പ് എന്നിവ നേടിയതാണ് മെസി പട്ടികയിൽ ഇടം നേടാൻ കാരണമായത്. അതേസമയം ഫുട്ബോളിൽ നിന്നും ഇടം നേടിയ മറ്റൊരു താരമായ എംബാപ്പെക്ക് ലോകകപ്പ് റണ്ണറപ്പ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് സൂപ്പർകപ്പ് എന്നീ നേട്ടങ്ങളാണുള്ളത്. എൻബിഎ താരം സ്റ്റീഫൻ കറി, ഫോർമുല വൺ ഡ്രൈവർ മാക്‌സ് വേസ്റ്റാപ്പൻ, ഓസ്‌ട്രേലിയൻ ഓപ്പൺ ഫ്രഞ്ച് ഓപ്പൺ എന്നിവ നേടിയ ടെന്നീസ് താരം നദാൽ, പോൾവാൾട്ട് താരം ഡ്യൂപ്‌ളാന്റിസ് എന്നിവരും ലിസ്റ്റിലുണ്ട്.

കഴിഞ്ഞ ലോകകപ്പും അതിനു മുൻപ് ലാ ഫൈനലിസമായും നേടിയതാണ് അർജന്റീന ഫുട്ബോൾ ടീം ഈ പട്ടികയിൽ വരാൻ കാരണമായത്. അതേസമയം കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ്, ലീഗ് വിജയം റയൽ മാഡ്രിഡിനെ ലിസ്റ്റിൽ എത്തിച്ചു. യൂറോ കിരീടം നേടിയ ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം, ഫ്രാൻസിന്റെ പുരുഷ റഗ്ബി ടീം, അമേരിക്കൻ ബാസ്‌കറ്റ് ബോൾ ടീമായ ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്‌സ്, ഫോർമുല വൺ ടീമായ ഒറാക്കിൾ റെഡ്ബുൾ റേസിംഗ് എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു ടീമുകൾ.

ഈ വർഷത്തിൽ ലയണൽ മെസി ലോറീസ് അവാർഡ് നേടാനുള്ള സാധ്യത കൂടുതലാണ്. ലോകകപ്പ് കൂടി നേടിയതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടം മെസി സ്വന്തമാക്കിയിരുന്നു. മെസി അവാർഡ് നേടിയാൽ അത് ചരിത്രമാകും. ഇതിനു മുൻപ് ഫുട്ബോളിൽ നിന്നും ഒരേയൊരു താരം മാത്രമേ ഈ പുരസ്‌കാരം നേടിയിട്ടുള്ളൂ. അതു ലയണൽ മെസി തന്നെയാണ്. 2020ലാണ് ലയണൽ മെസി ലോറിസ് അവാർഡ് നേടുന്ന ആദ്യത്തെ ഫുട്ബോൾ താരമാകുന്നത്. ലൂയിസ് ഹാമിൽട്ടണിനൊപ്പമാണ് മെസി പുരസ്‌കാരം നേടിയത്.