“റയൽ മാഡ്രിഡ് കൂടുതൽ അവസരങ്ങളൊന്നും സൃഷ്ടിച്ചില്ല”- തിരിച്ചുവരാൻ കഴിയുമെന്ന് ഫ്രാങ്ക് ലംപാർഡ് | Chelsea
ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ ചെൽസിക്കെതിരെ വിജയം നേടി റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. മികച്ച ഫോമിൽ കളിക്കുന്ന കരിം ബെൻസിമക്കു പുറമെ മാർകോ അസെൻസിയോ റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടി.
രണ്ടാംപകുതിയാരംഭിച്ച് പതിനഞ്ചാം മിനുട്ടിൽ തന്നെ ബെൻ ചിൽവെൽ ചുവപ്പുകാർഡ് നേടി പുറത്തു പോയത് ചെൽസിയുടെ സാധ്യതകൾ അവസാനിപ്പിച്ചു. അതിനു മുൻപ് തന്നെ കരിം ബെൻസിമ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചിരുന്നു. ചിൽവെൽ പുറത്തു പോയതോടെ കൂടുതൽ അനായാസമായി കളിച്ച റയൽ മാഡ്രിഡ് അസെൻസിയോയിലൂടെ ലീഡ് വർധിപ്പിക്കുകയായിരുന്നു.
Frank Lampard: “I told the players special things happen at Stamford Bridge, we just have to believe.” pic.twitter.com/m6DVRtXpDI
— Owuraku Ampofo (@_owurakuampofo) April 12, 2023
റയൽ മാഡ്രിഡിനെ പോലെ ചാമ്പ്യൻസ് ലീഗിൽ ഇരട്ടി കരുത്ത് കാണിക്കുന്ന ടീം ആദ്യപാദത്തിൽ രണ്ടു ഗോളുകളുടെ ലീഡ് നേടിയത് ചെൽസിയുടെ പ്രതീക്ഷകൾ അവസാനിപ്പിക്കുന്നതു തന്നെയാണ്. എന്നാൽ അത് സമ്മതിച്ചു തരാൻ ചെൽസി പരിശീലകൻ ലാംപാർഡിനാവില്ല. മത്സരത്തിൽ റയൽ മാഡ്രിഡ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെന്നും തിരിച്ചുവരാൻ കഴിയുമെന്നുമാണ് അദ്ദേഹം പറയുന്നത്.
“റയൽ മാഡ്രിഡിനെ പോലെ നിലവാരമുള്ള ഒരു ടീമിനെതിരെ ഇതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. വാതിൽ തുറന്നു കിടക്കുകയാണ്, അടുത്ത ആഴ്ചയിൽ അത് തുറന്നെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ തന്നെയാണ്. മത്സരത്തെക്കുറിച്ച് സമ്മിശ്രമായ തോന്നലുകളാണുള്ളത്. ഞങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നു, പക്ഷെ കൂടുതൽ നന്നായി ചെയ്യണമായിരുന്നു.”
“ഞങ്ങളുടെ കരുത്തുകളെ ഉപയോഗിക്കണം, അതാണെനി ചെയ്യാനുള്ളത്. അവസരങ്ങൾ ഉണ്ടായിരുന്നു. അവസാനസമയത്ത് കാണിച്ച ആവേശവും വളരെ മികച്ചതായിരുന്നു. ഒരുപാട് കാര്യങ്ങൾ സംഭവിക്കാം, ഞങ്ങൾ അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയില്ല. ഇത് സാധ്യമാണെന്ന് ആദ്യം ചിന്തിക്കേണ്ടയാൾ ഞാൻ തന്നെയാണ്.” താരം പറഞ്ഞു.
അടുത്ത പാദം സ്വന്തം മൈതാനത്ത് വെച്ചാണെന്നതും റയൽ മാഡ്രിഡ് രണ്ടു ഗോളുകൾ മാത്രമേ നേടിയുള്ളൂവെന്നതും ചെൽസിക്ക് ചെറിയ സാധ്യതകൾ നൽകുന്നുണ്ട്. എന്നാൽ വിനീഷ്യസ് ജൂനിയറിനെ തടുക്കുക വളരെ പ്രയാസമുള്ള കാര്യമാണെന്ന് മത്സരം തെളിയിച്ചു. ഇതിനെ മറികടക്കാൻ വലിയ പദ്ധതികൾ തന്നെ ചെൽസി ഒരുക്കേണ്ടി വരും.
Content Highlights: Chelsea Can Come Back Says Lampard