ചെൽസിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സിദാനെത്തും, പോട്ടറുടെ നാളുകൾ എണ്ണപ്പെട്ടു

തോമസ് ടുഷെലിനെ പുറത്താക്കി ഗ്രഹാം പോട്ടറെ പരിശീലകനായി ചെൽസി നിയമിച്ചപ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നു. ബ്രൈറ്റണെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ച പോട്ടർക്ക് അതിനേക്കാൾ മികച്ച താരങ്ങളുള്ള ചെൽസിയെ ഫോമിലെത്തിക്കാൻ കഴിയുമെന്ന് അവർ കരുതി. എന്നാൽ നിലവിൽ ചെൽസിയുടെ അവസ്ഥ വളരെ മോശമാണ്. പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ക്ലബിന് ഒരു കിരീടം പോലും ഈ സീസണിൽ സ്വപ്‌നം കാണാൻ കഴിയില്ല.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മുന്നൂറു മില്യൺ പൗണ്ടിലധികം ചിലവാക്കിയിട്ടും ചെൽസിയെ ഫോമിലേക്ക് തിരിച്ചെത്തിക്കാൻ പോട്ടർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും അദ്ദേഹത്തെ ചെൽസി നേതൃത്വം പിന്തുണക്കുന്നുണ്ടെങ്കിലും അടുത്ത രണ്ടു മത്സരങ്ങൾ പോട്ടറുടെ ഭാവിയിൽ നിർണായകമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ലീഡ്‌സിനെതിരെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിലും ഡോർട്മുണ്ടുമായി നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ചെൽസിക്ക് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ പോട്ടർ പുറത്തു പോകാനിടയുണ്ട്.

സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പോട്ടറെ ചെൽസി പുറത്താക്കിയാൽ പകരക്കാരനായി പരിഗണിക്കുന്നവരിൽ പ്രധാനി മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിദാനാണ്. അവസാനം റയൽ മാഡ്രിഡ് വിട്ടതിനു ശേഷം പിന്നീട് ഒരു ക്ലബ്ബിന്റെയും ചുമതല അദ്ദേഹം ഏറ്റെടുത്തിട്ടില്ല. ഇംഗ്ലണ്ടിൽ നിന്നുള്ള ഓഫറുകൾ മുൻപ് തഴഞ്ഞിട്ടുള്ള സിദാനെക്കൊണ്ട് ക്ലബിന്റെ ചുമതല ഏറ്റെടുപ്പിക്കാൻ കഴിയുമെന്ന് അവർ കരുതുന്നു.

സിദാന് പുറമെ മുൻ ബാഴ്‌സലോണ, സ്പെയിൻ പരിശീലകനായ ലൂയിസ് എൻറിക്വയും ചെൽസിയുടെ പട്ടികയിലുണ്ട്. എന്നാൽ സിമിയോണി സ്ഥാനമൊഴിയുമ്പോൾ പകരക്കാരനായി അത്ലറ്റികോ മാഡ്രിഡ് പരിഗണിക്കുന്നത് എൻറിക്വയെയാണ്. അതുകൊണ്ടു തന്നെ സിദാനിലേക്കായിരിക്കും ചെൽസി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനു മുൻപ് ചെൽസി എൻറിക്വയെ സമീപിച്ചപ്പോൾ അദ്ദേഹം ഓഫർ നിരസിച്ചിരുന്നു.