പുതിയ ട്വിസ്റ്റ്, ഗോൾഡൻ ഐഫോണുകൾ അർജന്റീന താരങ്ങൾക്കുള്ള മെസിയുടെ സമ്മാനമല്ല

ഫുട്ബോൾ ലോകത്തെ ഇന്നത്തെ പ്രധാനപ്പെട്ട വാർത്തയായിരുന്നു ലയണൽ മെസി ലോകകപ്പ് വിജയം നേടിയ അർജന്റീന താരങ്ങൾക്ക് ഐ ഫോണുകൾ സമ്മാനിക്കാൻ പോകുന്നുവെന്നത്. 24 കാരറ്റ് സ്വർണം ഉപയോഗിച്ച് പാനൽ നിർമിച്ച, ഓരോ താരങ്ങളുടെയും പേരുകളും ജേഴ്‌സി നമ്പറും അർജന്റീനയുടെ ലോകകപ്പ് വിജയവും രേഖപ്പെടുത്തിയ മുപ്പത്തിയഞ്ചു ഫോണുകളാണ് ഇതിനായി മെസിയുടെ പാരീസിലുള്ള താമസസ്ഥലത്ത് എത്തിയിരിക്കുന്നത്.

ഐ ഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ് ഈ ഐഫോണുകൾ നിർമിച്ചു നൽകിയത്. ഇതിന്റെ ഉടമ ലയണൽ മെസിയുടെ താമസസ്ഥലത്തെത്തി ലയണൽ മെസിക്ക് ഫോണുകൾ കൈമാറിയതിന്റെ ചിത്രങ്ങൾ അവർ പങ്കു വെച്ചിരുന്നു. ഇതിനു പുറമെ ഫോണിന്റെ ചിത്രങ്ങളും അവർ പങ്കു വെച്ചു. ലയണൽ മെസി, ഡി മരിയ തുടങ്ങിയ താരങ്ങളുടെ പേരുകൾ ആലേഖനം ചെയ്‌ത ഫോണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തു.

എന്നാൽ ലയണൽ മെസിയല്ല ഈ ഐഫോണുകൾ സമ്മാനമായി നൽകിയതെന്നാണ് അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുൽ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്. ഒരു ബിസിനെസ്സുകാരനാണ് ലോകകപ്പ് നേടിയ അർജന്റീന ടീമിന് ഈ ഫോണുകൾ സമ്മാനമായി നൽകിയതെന്നും ലയണൽ മെസി അതിനായി പണം മുടക്കിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അർജന്റീന ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിശ്വസനീയമായ കേന്ദ്രമാണ് ഗാസ്റ്റൻ എഡുൽ എന്നതിനാൽ ഇത് സത്യമായിരിക്കാനാണ് സാധ്യത.

നേരത്തെ ലയണൽ മെസി രണ്ടു കോടിയോളം രൂപ മൂല്യം വരുന്ന സമ്മാനം അർജന്റീന താരങ്ങൾക്ക് നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അർജന്റീന താരങ്ങൾക്കും സ്റ്റാഫുകൾക്കും നൽകാനായി ഈ ഫോണുകൾ ലയണൽ മെസിയുടെ പക്കൽ എത്തിക്കുകയാണ് അദ്ദേഹം ചെയ്‌തതെന്നാണ്‌ ഇപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്. മാർച്ചിൽ സൗഹൃദ മത്സരങ്ങൾക്കായി മെസി ടീമിനൊപ്പം ചേരുമ്പോൾ ഇത് കൈമാറുന്നുണ്ടാകും.