ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ റിച്ചാർലിസന്റേതല്ല, അർജന്റീന നേടിയ ഗോളെന്ന് മാക് അലിസ്റ്റർ

ഖത്തർ ലോകകപ്പിൽ അർജന്റീന ജേഴ്‌സിയിൽ ഉയർന്നു വന്ന താരോദയമാണ് അലക്‌സിസ് മാക് അലിസ്റ്റർ. ലോ സെൽസോക്ക് പരിക്കേറ്റതു കാരണം അർജന്റീന ടീമിൽ അവസരങ്ങൾ കൂടുതൽ ലഭിച്ച താരം അതു മുതലെടുത്ത് ടീമിലെ സ്ഥിരസാന്നിധ്യമായി അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തിരുന്നു. പോളണ്ടിനെതിരെ ഒരു ഗോളും ഫൈനലിൽ ഒരു അസിസ്റ്റും താരം സ്വന്തമാക്കി.

പ്രീമിയർ ലീഗിൽ ബ്രൈറ്റണു വേണ്ടി കളിക്കുന്ന മാക് അലിസ്റ്റർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ അർജന്റീന നേടിയതാണെന്നാണ്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ താൻ അസിസ്റ്റ് ചെയ്‌ത്‌ ഡി മരിയ നേടിയ ഗോളാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളെന്നും ബെസ്റ്റ് ഗോളിനുള്ള പുരസ്‌കാരം ലഭിച്ച റിച്ചാർലിസണിന്റെ ഗോളിനെക്കാൾ അത് മികവുറ്റതാണെന്നും താരം പറഞ്ഞു.

“ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്നായിരുന്നു ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീന നേടിയ രണ്ടാമത്തെ ഗോൾ. റിച്ചാർലിസൺ നേടിയ ഗോളിനെക്കാൾ അതിന് അർഹതയുണ്ടായിരുന്നു.” കഴിഞ്ഞ ദിവസം ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മാക് അലിസ്റ്റർ പറഞ്ഞു. ലയണൽ മെസിയുടെ മനോഹരമായ ടച്ചിൽ തുടങ്ങിയ ആ ഗോൾ പ്രത്യാക്രമണത്തിന്റെ പൂർണത കാണിച്ചു തന്ന ഗോളായിരുന്നു.

ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തിയ അലിസ്റ്റാർക്കായി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ലബുകൾ രംഗത്തു വന്നിരുന്നു. എന്നാൽ ഭാവിയെക്കുറിച്ച് പെട്ടന്നൊരു തീരുമാനമെടുക്കാൻ തയ്യാറാകാതിരുന്ന താരം ബ്രൈറ്റണൊപ്പം തന്നെ തുടർന്ന്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയുള്ള താരത്തിനായി പ്രീമിയർ ലീഗിലെ തന്നെ വമ്പന്മാർ ശ്രമം നടത്തുന്നുണ്ട്.